ആപ്പിളിന് മാത്രമാണ് ഭീഷണിയെന്ന് കരുതിയെങ്കിൽ തെറ്റി! സാംസങിനും കിട്ടും ട്രംപിന്‍റെ വക 25 ന്‍റെ താരിഫ് പണി

Published : May 24, 2025, 01:45 PM IST
ആപ്പിളിന് മാത്രമാണ് ഭീഷണിയെന്ന് കരുതിയെങ്കിൽ തെറ്റി! സാംസങിനും കിട്ടും ട്രംപിന്‍റെ വക 25 ന്‍റെ താരിഫ് പണി

Synopsis

അമേരിക്കക്ക് പുറത്ത് മൊബൈൽ ഫോൺ നിർമ്മാണം നടത്തുന്ന എല്ലാ കമ്പനികൾക്കും 25% താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ്

വാഷിംഗ്ടൺ:  ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മ്മാണത്തിൽ ഉടക്കിട്ട് താരീഫ് ഭീഷണി കാർഡിറക്കിയ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോഴിതാ മറ്റ് സ്മാർട്ട് ഫോൺ നിർമാതാക്കൾക്കും മുന്നറിയിപ്പുമായി രംഗത്ത്. ഇന്ത്യയിലെന്നല്ല അമേരിക്കക്ക് പുറത്ത്, ലോകത്തെ ഏത് രാജ്യത്തായാലും മൊബൈൽ ഫോൺ നിർമ്മാണം നടത്തുന്ന എല്ലാ കമ്പനികൾക്കുമാണ് ട്രംപിന്‍റെ പുതിയ ഭീഷണി. അമേരിക്കക്ക് പുറത്ത് നിർമാണം നടത്തുന്ന സാംസങ് അടക്കമുള്ള എല്ലാ കമ്പനികൾക്കും 25 ശതമാനം താരിഫ് ചുമത്തുമെന്നാണ് പ്രസിഡന്‍റ് വ്യക്തമാക്കിയത്. ഏത് കമ്പനിയായാലും 25 ശതമാനം ഇറക്കുമതി നികുതി നേരിടേണ്ടിവരുമെന്നും ഉടൻ തന്നെ ഇക്കാര്യം പ്രഖ്യാപിക്കുമെന്നും ട്രംപ് മുന്നറിയിപ്പേകി. അമേരിക്കയിലാണ് നിര്‍മ്മാണമെങ്കില്‍ താരീഫ് ഉണ്ടാകില്ലെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. താരിഫ് ഭീഷണി ആപ്പിളിന് മാത്രമാണോ എന്ന ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. ഇറക്കുമതി തീരുവകൾ ഉചിതമായി തന്നെ നടപ്പിലാക്കുമെന്നും ജൂൺ അവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള ആപ്പിളിന്റെ തീരുമാനത്തിനെതിരെയുള്ള കഴിഞ്ഞ ആഴ്ചയാണ് യു എസ് പ്രസിഡന്റ് ആദ്യം രംഗത്തെത്തിയത്. ഖത്തറിലെ ദോഹയിൽ നടന്ന ഒരു ബിസിനസ് പരിപാടിയിൽ ഡോണൾഡ് ട്രംപ്, ആപ്പിൾ സി ഇ ഒ ടിം കുക്കിനോട് ഇക്കാര്യത്തിലെ എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു. ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനെതിരെ ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു. ആപ്പിൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിൽ തനിക്ക് താൽപര്യമില്ലെന്ന് തന്നെ ആപ്പിൾ സി ഇ ഒയോട് ട്രംപ് പരസ്യമായി പറഞ്ഞു. ഇന്ത്യയുടെ കാര്യം ഇന്ത്യ നോക്കിക്കോളുമെന്നും അമേരിക്കയിലായിരിക്കണം നിർമാണം നടത്തേണ്ടതെന്നും പ്രസിഡന്‍റ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ യു എസ് പ്രസിഡന്‍റിന്‍റെ ഈ മുന്നറിയിപ്പ് ആപ്പിൾ കമ്പനി തള്ളിക്കളയുകയായിരുന്നു. നിക്ഷേപ പദ്ധതികളിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ആപ്പിൾ, ഇന്ത്യൻ സർക്കാരിന് ഉറപ്പ് നൽകിയതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ ആപ്പിളിന്റെ നിക്ഷേപ പദ്ധതികളിൽ ഒരു മാറ്റവുമില്ല. ഇന്ത്യയെ ഒരു പ്രധാന നിർമ്മാണ കേന്ദ്രമായി ഉപയോഗിക്കുന്നതിനുള്ള പ്രതിബദ്ധത കമ്പനി ഇന്ത്യൻ സർക്കാരിന് ഉറപ്പുനൽകുകയും ചെയ്തു. കോടികൾ മുടക്കിയിട്ട് പെട്ടെന്ന് പദ്ധതി വഴിയിൽ ഉപേക്ഷിക്കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ആപ്പിൾ കമ്പനി ട്രംപിന്‍റെ ആവശ്യം തള്ളിയത്. ഇന്ത്യയെ ഒഴിവാക്കി അമേരിക്കയിൽ ഐഫോണുകൾ നിർമ്മിക്കാൻ തുടങ്ങിയാൽ അത് വലിയ നഷ്ടമായിരിക്കുമെന്ന് വിദ​ഗ്ധരും ചൂണ്ടികാട്ടിയിരുന്നു. അമേരിക്കയിൽ ഫോൺ നിർമിക്കുന്നത് ചെലവേറുമെന്നും ഐഫോണിന്റെ വില കുത്തനെ ഉയരുമെന്നും വ്യവസായ രം​ഗത്തെ വിദഗ്ധർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ആപ്പിൾ കമ്പനിക്ക് 25 ശതമാനം താരിഫ് ഭീഷണിയുമായി ട്രംപ് ഇന്നലെ രംഗത്തെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

‘ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസ്’; ജഡ്ജിയുടെ ചേംബറിൽ നിന്ന് മോഷണം പോയത് 2 ആപ്പിളും ഒരു ഹാൻഡ്‌വാഷ് ബോട്ടിലും, സംഭവം ലാഹോറിൽ
നടുക്കടലിൽ ആഡംബര ക്രൂയിസ് കപ്പലിൽ വൈറസ് ബാധ; ലോകയാത്രക്കിറങ്ങിയ സഞ്ചാരികൾക്കും ജീവനക്കാർക്കും രോഗം