'30 ദിവസത്തിനുള്ളില്‍ മെച്ചപ്പെട്ടില്ലെങ്കില്‍'...; ലോക ആരോഗ്യ സംഘടനക്ക് അന്ത്യശാസനം നല്‍കി ട്രംപ്

By Web TeamFirst Published May 19, 2020, 4:38 PM IST
Highlights

30 ദിവസത്തിനുള്ളില്‍ ഗുണപരമായ പുരോഗമനമില്ലെങ്കില്‍ താല്‍ക്കാലികമായി ഫണ്ട് റദ്ദാക്കിയ നടപടി സ്ഥിരപ്പെടുത്തുമെന്നും സംഘടനയില്‍ അമേരിക്ക തുടരണോ എന്ന കാര്യത്തില്‍ പുനരാലോചന നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. 

വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനക്കുള്ള ഫണ്ട് സ്ഥിരമായി റദ്ദാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. 30 ദിവസത്തിനുള്ളില്‍ ഗുണപരമായ പുരോഗമനമില്ലെങ്കില്‍ ഫണ്ട് റദ്ദാക്കുമെന്നാണ് ട്രംപ് അറിയിച്ചത്. ഏപ്രിലില്‍ ലോകാരോഗ്യ സംഘടനക്ക് നല്‍കുന്ന ഫണ്ട് അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തലാക്കിയിരുന്നു. കൊവിഡ് വ്യാപനത്തില്‍ ചൈനക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നും രോഗവ്യാപനം തടയുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയമാണെന്നും ആരോപിച്ചാണ് ഫണ്ട് റദ്ദാക്കിയത്. 

കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന ഡയറക്ടര്‍ക്ക് നല്‍കിയ കത്തടക്കമാണ് ട്രംപ് ട്വീറ്റ് ചെയ്തത്. കത്തില്‍ മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നും വൈറസിന്റെ വ്യാപനത്തെ സംബന്ധിച്ച മുന്നറിയിപ്പ് അവഗണിച്ചെന്നും ചൈനക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്നും കുറ്റപ്പെടുത്തി. 

കൊവിഡ് 19 ലോകത്തിന് ഭീഷണിയായി തീര്‍ന്നതില്‍ ഡയറക്ടര്‍ക്കും സംഘടനക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും ചൈനയില്‍ നിന്ന് മോചിതമാകുക മാത്രമാണ് ലോകരോഗ്യ സംഘടനക്ക് നിലനില്‍ക്കാനുള്ള മാര്‍ഗമെന്നും ട്രംപ് പറഞ്ഞു. 30 ദിവസത്തിനുള്ളില്‍ ഗുണപരമായ പുരോഗമനമില്ലെങ്കില്‍ താല്‍ക്കാലികമായി ഫണ്ട് റദ്ദാക്കിയ നടപടി സ്ഥിരപ്പെടുത്തുമെന്നും സംഘടനയില്‍ അമേരിക്ക തുടരണോ എന്ന കാര്യത്തില്‍ പുനരാലോചന നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. 

നേരത്തെ, കൊവിഡ് വ്യാപനത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുുന്നു. ലോകാരോഗ്യ സമ്മേളനത്തില്‍ ചൈനക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് നൂറിലധികം രാജ്യങ്ങള്‍ രംഗത്തെത്തിയതോടൊണ് ഐക്യരാഷ്ട്ര സഭ സ്വതന്ത്ര അന്വേഷണം നടത്താമെന്ന് അറിയിച്ചത്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലാണ് അന്വേഷണമെങ്കില്‍ സഹകരിക്കാമെന്ന് ചൈനയും നിലപാട് അറിയിച്ചിരുന്നു.
 

click me!