
വാഷിംഗ്ടൺ: പ്രസിഡന്റായി ചുമതലയെടുത്താൽ മെക്സിക്കോ, കാനഡ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തൻ്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെയായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞു. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ചരക്കുകൾക്കും തീരുവ ചുമത്തി രാജ്യത്തിന്റെ വലിയ വ്യാപാര പങ്കാളികളെ പ്രതിസന്ധിയിലാക്കുമെന്നും ട്രംപ് അറിയിച്ചു. പിന്നാലെ, ചൈനയും രംഗത്തെത്തി. വ്യാപാര യുദ്ധത്തിൽ ആരും വിജയിക്കാൻ പോകുന്നില്ലെന്നും ചൈന മുന്നറിയിപ്പ് നൽകി.
ജനുവരി 20-ന്, എൻ്റെ ആദ്യ എക്സിക്യൂട്ടീവ് ഓർഡറുകളിലൊന്നായി, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് വരുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം നികുതി ഈടാക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളിലും ഞാൻ ഒപ്പിടുമെന്ന് ട്രംപ് കുറിച്ചു. 25 ശതമാനത്തിന് പുറമെ 10 ശതമാനം അധികം ചൈനക്ക് ചുമത്തും. ഫെൻ്റനൈൽ കള്ളക്കടത്ത് തടയുന്നതിൽ ചൈന പരാജയപ്പെട്ടെന്നും ട്രംപ് കുറിച്ചു.
ഫെൻ്റനൈൽ കള്ളക്കടത്ത് തടയാൻ ചൈന ശ്രമിച്ചെന്ന് യുഎസിലെ ചൈനയുടെ എംബസിയുടെ വക്താവ് ലിയു പെൻഗ്യു ഇമെയിൽ വഴി എഎഫ്‌പിയോട് പറഞ്ഞു. ചൈന-യുഎസ് സാമ്പത്തിക, വ്യാപാര സഹകരണം പരസ്പര പ്രയോജനകരമാണെന്ന് ചൈന വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. യുഎസും മെക്സിക്കോയും കാനഡയും മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്. മെക്സിക്കോയും കാനഡയും കൂടുതലും യുഎസ് വിപണിയെയാണ് ആശ്രയിക്കുന്നത്. താരിഫുകൾ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നും പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam