'അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല, ഉണ്ടെങ്കിൽ അവർക്കത് ദോഷം ചെയ്യും'! ചൈനയ്ക്കും റഷ്യയ്ക്കും ശക്തമായ മുന്നറിയിപ്പുമായി ട്രംപ്

Published : Jul 25, 2026, 05:15 PM IST
donald trump

Synopsis

ഇറാനെതിരായ യുദ്ധം രൂക്ഷമായിരിക്കെ, ഇറാന് ആയുധങ്ങൾ നൽകരുതെന്ന് ചൈനയ്ക്കും റഷ്യയ്ക്കും  ശക്തമായ മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തനിക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും, മറിച്ചായാൽ അത് ദോഷകരമായി ബാധിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.

ഇറാനെതിരായ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ലോകശക്തികളായ ചൈനയ്ക്കും റഷ്യയ്ക്കും ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രം​ഗത്ത്. ഇറാന് യാതൊരു കാരണവശാലും ആയുധങ്ങൾ നൽകരുത് എന്ന് ആവശ്യപ്പെട്ട ട്രംപ്, എന്നാൽ റഷ്യയും ചൈനയും അത്തരം ആയുധസഹായങ്ങൾ നൽകുന്നില്ലെന്ന വിശ്വാസവും പങ്കുവെച്ചു.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് കാര്യങ്ങൾ വ്യക്തമാക്കിയത്. ബീജിംഗിൽ നടന്ന കൂടിക്കാഴ്ചയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഇറാന് ആയുധങ്ങൾ നൽകുകയോ വിൽക്കുകയോ ചെയ്യില്ലെന്ന് തനിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ഈ ഉറപ്പ് ചൈനീസ് കമ്പനികൾക്കും ബാധകമാണ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും സമാനമായ വാഗ്ദാനം നൽകിയിട്ടുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. ഇരുരാജ്യങ്ങളും ഈ യുദ്ധത്തിൽ പങ്കാളികളാകില്ലെന്നും കരുതുന്നതായി ട്രംപ് പറഞ്ഞു. അങ്ങനെ ചെയ്യുകയാണെങ്കിൽ, അത് അവരെ വളരെ ദോഷകരമായി ബാധിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ വ്യക്തമായ ചില ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടെന്നാണ് സൂചന. ഗൾഫ് മേഖലയിലെ സിഐഎ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് പിന്നിൽ റഷ്യയുടെ പങ്ക് യുഎസ് ഇന്റലിജൻസ് പരിശോധിച്ച് വരികയാണ്.

ഇറാന് ആവശ്യമായ ടാർഗെറ്റിംഗ് വിവരങ്ങളോ ഡ്രോൺ സാങ്കേതികവിദ്യയോ റഷ്യ നൽകിയിട്ടുണ്ടോ എന്നാണ് അന്വേഷണം. എന്നാൽ, ഈ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ റഷ്യൻ ഭരണകൂടമായ ക്രെംലിൻ ഇതുവരെ തയ്യാറായിട്ടില്ല.

സ്വന്തം സഖ്യകക്ഷികളേക്കാൾ കൂടുതൽ ബഹുമാനത്തോടെയാണ് ട്രംപ് പലപ്പോഴും ഷി ജിൻപിംഗിനോടും പുടിനോടും പെരുമാറാറുള്ളത് എന്ന വിമർശനവും ശക്തമാണ്. വൻശക്തികളുടെ നേതാക്കൾ എന്ന നിലയിൽ അവർ ആദരിക്കപ്പെടേണ്ടവരാണ് എന്നാണ് ട്രംപിന്റെ നിലപാട്.

ഫെബ്രുവരിയിൽ യുഎസും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതോടെയാണ് യുഎസ്- ഇറാൻ യുദ്ധം ആരംഭിച്ചത്. ഇതിനകം തന്നെ ഇറാന് ആയുധങ്ങൾ വാങ്ങാൻ സഹായം നൽകിയ റഷ്യൻ, ചൈനീസ് വ്യക്തികൾക്കും കമ്പനികൾക്കും മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടരുന്നു; സ്പെയിനിൽ ദേശീയ അടിയന്തരാവസ്ഥ; 3 ലക്ഷം പേരെ വിവിധ മേഖലകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു
കടലിൽ പോര് മുറുകുന്നോ? ഇറാൻ സമുദ്രാതിർത്തിയിൽ എൽപിജി ടാങ്കറിന് നേരെയുണ്ടായ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി