
വാഷിങ്ടൺ: ഇറാനിയൻ എണ്ണ വാങ്ങുന്നവർക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. ഇറാനുമായി ആണവ ചർച്ചകൾ വൈകിയതിതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഭീഷണി. ഇറാനിയൻ എണ്ണയുടെയോ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെയോ എല്ലാ വാങ്ങലുകളും ഇപ്പോൾ നിർത്തണം. ഇറാനിൽ നിന്ന് ഏതെങ്കിലും എണ്ണയോ പെട്രോകെമിക്കലോ വാങ്ങുന്ന രാജ്യങ്ങളും വ്യക്തികളും ഉപരോധങ്ങൾക്ക് വിധേയമാകും. അവരെ ഒരു തരത്തിലും അമേരിക്കയുമായി ബിസിനസ് ചെയ്യാൻ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. വാരാന്ത്യത്തിൽ ഒമാനിൽ നടക്കാനിരുന്ന ആണവ ചർച്ചകൾ മാറ്റിവച്ചതിനെത്തുടർന്ന് പ്രശ്നങ്ങൾ രൂക്ഷമായി. മെയ് 3 ശനിയാഴ്ച ആസൂത്രണം ചെയ്തിരുന്ന യുഎസ്-ഇറാൻ ചർച്ച മുടങ്ങിയെന്നും പരസ്പരം യോജിച്ചാൽ പുതിയ തീയതി പ്രഖ്യാപിക്കുമെന്നും ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ-ബുസൈദി എക്സ് പ്ലാറ്റ്‌ഫോം വഴി പ്രഖ്യാപിച്ചു.
എന്നാൽ, മധ്യസ്ഥത വഹിക്കുന്ന ഒമാൻ കൂടുതൽ വിശദാംശങ്ങളൊന്നും നൽകിയില്ല. അതേസമയം ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ്, ഒമാന്റെ അഭ്യർത്ഥന പ്രകാരമാണ് മാറ്റിവയ്ക്കൽ എന്ന് സ്ഥിരീകരിച്ചു. റോമിൽ നടക്കുന്ന നാലാം റൗണ്ട് ചർച്ചയിൽ പങ്കെടുക്കുമെന്ന് യുഎസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് അമേരിക്കൻ ചർച്ചക്കാരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇറാന്റെ ആണവ ശേഷി നിയന്ത്രിക്കുക എന്നതാണ് ചർച്ചകളുടെ ലക്ഷ്യം.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. കരാറില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടിയെടുക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. യെമനിൽ ഇറാനിയൻ പിന്തുണയുള്ള ഹൂത്തി വിമതരെതിരെ യുഎസ് "ഓപ്പറേഷൻ റഫ് റൈഡർ" തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam