
ദുബായ്: ദുബായിൽ സ്വർണ്ണവില വീണ്ടും ഉയർന്നു. തിങ്കളാഴ്ച ഗ്രാമിന് അഞ്ച് ദിർഹം വരെ വർധനവാണ് രേഖപ്പെടുത്തിയത്. വിപണിയിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകളിലേക്ക് സ്വർണവില വീണ്ടും അടുത്തു കൊണ്ടിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ 24 കാരറ്റ് സ്വർണം ഗ്രാമിന് 493.50 ദിർഹം ആയി ഉയർന്നു. ഞായറാഴ്ച ഇത് 488.50 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണത്തിന് 457 ദിർഹമായിട്ടാണ് വർധിച്ചത്. ഞായറാഴ്ച 452.25 ദിർഹം ആയിരുന്നു. കഴിഞ്ഞ ആഴ്ച സ്വർണവില 500 ദിർഹം കടന്നിരുന്നെങ്കിലും നിലവിലെ നിരക്ക് ജൂലൈ മാസത്തിലെ സർവ്വകാല റെക്കോർഡിൽ നിന്നും നേരിയ തോതിൽ താഴെയാണ്.
ജൂലൈ ആദ്യ ആഴ്ചയിൽ 24 കാരറ്റ് സ്വർണം ഗ്രാമിന് 503 ദിർഹം വരെ ഉയർന്നിരുന്നു. പിന്നീട് ഇത് 481.50 ദിർഹത്തിലേക്ക് താഴ്ന്നു. എന്നാൽ വീണ്ടും ശക്തമായി തിരിച്ചെത്തിയ വിപണി മുന്നേറുകയാണ്. നിലവിലെ വില അനുസരിച്ച് 24 കാരറ്റ് സ്വർണം ജൂലൈയിലെ ഏറ്റവും ഉയർന്ന വിലയേക്കാൾ 9.50 ദിർഹം താഴെയും കുറഞ്ഞ വിലയേക്കാൾ 12 ദിർഹം മുകളിലുമാണ്. 22 കാരറ്റ് സ്വർണം ഉയർന്ന നിരക്കിൽ നിന്നും ഒമ്പത് ദിർഹം താഴെയും കുറഞ്ഞ നിരക്കിൽ നിന്നും 11 ദിർഹം മുകളിലുമാണ് വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയും ആഗോള രാഷ്ട്രീയ മാറ്റങ്ങളും
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 1.6 ശതമാനം വർധിച്ച് 4,100 ഡോളറിന് മുകളിലേക്ക് ഉയർന്നതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. യുഎസും ഇറാനും തമ്മിലുള്ള സംഘർഷങ്ങളിൽ താൽക്കാലിക ശാന്തത വന്നതാണ് ക്രൂഡ് ഓയിൽ വില കുറയാനും സാമ്പത്തിക രംഗത്തെ ആശങ്കകൾ കുറയാനും കാരണമായത്. യുഎസ് വ്യോമാക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഇറാൻ ഒമാനുമായി ചർച്ചകൾ ആരംഭിച്ചതും ആഗോള വിപണിക്ക് ആശ്വാസമായി. ഇതോടെ ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിന് താഴേക്ക് എത്തിയെങ്കിലും സ്വർണ്ണം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ കരുത്ത് നേടി.
അതേസമയം സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ് ഉണ്ടായി. ഞായറാഴ്ചയായ ഇന്നലെ വില മാറ്റമില്ലാതെ തുടർന്നതിന് ശേഷം ഗ്രാമിന് 85 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 680 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,370 രൂപയും ഒരു പവൻ സ്വർണത്തിന് 1,06,960 രൂപയുമായി വില. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്. നിലവിൽ 22 കാരറ്റ് വെള്ളി ഗ്രാമിന് 240 രൂപയിലും 10 ഗ്രാമിന് 2,400 രൂപയിലും ആണ് വ്യാപാരം നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam