
കുവൈത്ത് സിറ്റി: ഇറാന് എതിരെ നടന്ന സൈനിക നീക്കങ്ങളിൽ കുവൈത്ത് പങ്കാളിയായെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ട് പൂർണ്ണമായും തെറ്റാണെന്ന് കുവൈത്ത് ഭരണകൂടം അറിയിച്ചു. ഈ ആരോപണം തികച്ചും വ്യാജമാണെന്ന് യുഎസിലെ കുവൈത്ത് അംബാസഡർ ശൈഖ അൽ സൈൻ അൽ സബാഹ് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വാർത്ത തിരുത്തണമെന്ന് ആവശ്യപ്പെട്ട് അംബാസഡർ എഡിറ്റോറിയൽ ബോർഡിന് ഔദ്യോഗിക കത്തയച്ചു. കുവൈത്ത് ഔദ്യോഗിക വാർത്താ ഏജൻസിയായ കുവൈത്ത് ന്യൂസ് ഏജൻസി ഇക്കാര്യം പുറത്തുവിട്ടത്. മേഖലയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ മാധ്യമങ്ങളുടെ കൃത്യതയും ഉത്തരവാദിത്തവും അന്താരാഷ്ട്ര സമാധാനത്തിന് അത്യാവശ്യമാണെന്ന് അംബാസഡർ കത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരം വ്യാജ റിപ്പോർട്ടുകൾ അന്താരാഷ്ട്ര സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇടയാക്കും.
അയൽരാജ്യങ്ങൾക്ക് നേരെ ആക്രമണം നടത്താൻ കുവൈത്തിന്‍റെ ഭൂപ്രദേശമോ വ്യോമപാതയോ സമുദ്രാതിർത്തിയോ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ലെന്നും ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കത്തിൽ കുവൈത്ത് പങ്കാളിയായിട്ടില്ലെന്നും അവർ വ്യക്തമായി ആവർത്തിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കുക, രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുക, അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുക, തർക്കങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനപരമായി പരിഹരിക്കുക എന്നിവയാണ് കുവൈത്തിന്‍റെ വിദേശനയത്തിന്റെ കാതൽ. പതിറ്റാണ്ടുകളായി യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും കടുത്ത ആഘാതം അനുഭവിച്ച ഒരു മേഖലയെന്ന നിലയിൽ, സൈനിക ശക്തി പ്രകടിപ്പിക്കുന്നതിലൂടെയല്ല, മറിച്ച് നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പ്രാദേശിക സുരക്ഷ ഉറപ്പാക്കാൻ കഴിയൂ എന്ന് കുവൈറ്റ് വിശ്വസിക്കുന്നതായും അംബാസഡർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam