
ബെർലിൻ: ഇറാൻ - ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കണമെന്ന് ഇ3 രാജ്യങ്ങൾ. ഫ്രാൻസ്, ജർമ്മനി, യുകെ എന്നീ രാജ്യങ്ങളാണ് പ്രസ്താവനയിറക്കിയത്. ഇരു രാജ്യങ്ങളും ചർച്ചകളിലേക്ക് മടങ്ങണം. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്‍റെ അവകാശം അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചായിരിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. അതേസമയം ഇറാന്‍റെ ആണവ സമ്പുഷ്ടീകരണം സിവിലിയൻ ആവശ്യങ്ങൾക്കും അപ്പുറമാണെന്ന് മൂന്ന് രാഷ്ട്രങ്ങളും വിമർശിച്ചു. സംഘർഷം തുടങ്ങും മുൻപ് ഇറാന്‍റെ ഏറ്റവും വലിയ വിമർശനം ഇ3 രാഷ്ട്രങ്ങൾ വാഗ്ദാനം പാലിച്ചില്ല എന്നതായിരുന്നു.
നേരത്തെ ഇറാനെതിരായ യുദ്ധത്തിൽ ഇസ്രയേലിന് സൈനിക സഹായം നൽകരുതെന്ന് അമേരിക്കയോട് റഷ്യ ആവശ്യപ്പട്ടിരുന്നു. ഇസ്രയേലിനുള്ള യുഎസ് സഹായം മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുമെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് മുന്നറിയിപ്പ് നൽകി. ഇറാനും ഇസ്രയേലും തമ്മിലുള്ള വ്യോമാക്രമണം ആറ് ദിവസമായി തുടരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ പ്രതികരണം.
ഇറാന്‍റെ ആണവ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ട്രംപ് ഇസ്രയേലിനൊപ്പം ചേരുമെന്ന അഭ്യൂഹം നേരത്തെ പുറത്തു വന്നിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കും ഉന്നത സൈനിക നേതാക്കൾക്കും എതിരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇസ്രയേൽ വ്യോമാക്രമണം തുടങ്ങിയത്. അപ്രതീക്ഷിത ആക്രമണമായിരുന്നു അത്. റഷ്യ ഈ ആക്രമണത്തെ അപലപിച്ചു. ഇസ്രയേലിലേക്ക് തിരിച്ച് ഡ്രോണ്‍, മിസൈൽ ആക്രമണങ്ങൾ ഇറാൻ നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആവശ്യപ്പെട്ടു.
അതേസമയം ഇറാനെ അമേരിക്ക ആക്രമിക്കുമോയെന്ന കാര്യത്തിൽ ഉറപ്പ് പറയാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമിക്കാം ആക്രമിക്കാതിരിക്കാം എന്നാണ് ട്രംപിന്റെ മറുപടി. അടുത്ത ആഴ്ച നിർണായകമാണെന്നും വ്യോമ പ്രതിരോധം പൂർണമായും നശിച്ച ഇറാൻ നിസ്സഹായരാണെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്‍റെ അന്ത്യശാസനം ഇറാൻ തള്ളി. ശത്രുവിന് മുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞു. ശത്രുവിന് മുന്നിൽ മുട്ടുമടക്കില്ലെന്നാണ് ഇറാന്‍റെ നിലപാട്.