
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിന് കാരണം ടിബറ്റൻ മേഖലയിലുണ്ടായ ഭൂചലനമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി. ടിബറ്റിൽ രേഖപ്പെടുത്തിയ 4.4 തീവ്രതയുള്ള ഭൂചലനത്തെ തുടർന്ന് വൻ ഹിമപാതവും മണ്ണിടിച്ചിലും ഉണ്ടാകുകയും, ഇത് നദിയിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി പ്രളയത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. അതേസമയം ഇരച്ചെത്തിയ മിന്നൽപ്രളയത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നേപ്പാൾ. മരണസംഖ്യ കുതിച്ചുയരുന്നതായാണ് റിപ്പോർട്ട്. 95 ജീവൻ നഷ്ടമായെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 105 ഇന്ത്യക്കാരടക്കം 384 പേരെ കാണാതായിട്ടുണ്ട്. 19 പാലങ്ങളും 40 കിലോമീറ്റർ റോഡും പ്രളയത്തിൽ തകർന്നു. സൈന്യത്തിന്റെയടക്കം നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം തുടരുകയാണ്. ടിബറ്റൻ അതിർത്തിക്ക് അടുത്തുള്ള ഭോട്ടെ കോശി നദിയിലൂടെ ഇരച്ചെത്തിയ മലവെള്ളം പാലങ്ങളും കെട്ടിടങ്ങളും തകർത്താണ് മുന്നോട്ടൊഴുകിയത്. റോഡുകളും ഗതാഗതമാർഗങ്ങളും പൂർണമായി തകർന്നതാണ് ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചത്. 36 അംഗ മലയാളി വിനോദസഞ്ചാരികളുടെ സംഘം സുരക്ഷിതരാണെന്നാണ് ആശ്വാസവിവരം. അതേസമയം നേപ്പാൾ പ്രളയത്തിന്‍റെ സാഹചര്യത്തിൽ ഉത്തർപ്രദേശിലും ബീഹാറിലും സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
രസുവ ജില്ലയിലെ ഭോട്ടെകോശി നദിയിൽ രാവിലെ എട്ടരയോടെയുണ്ടായ മിന്നൽ പ്രളയമാണ് വൻ ദുരന്തത്തിന് കാരണമായത്. ടിബറ്റൻ ഭാഗത്ത് നിന്നുള്ള കനത്ത വെള്ളപ്പാച്ചിലിൽ സ്യാപ്രു ബെസി, തിമൂരെ മേഖലകളിലെ ഗ്രാമങ്ങളും മാർക്കെറ്റുകളും പൂർണമായി ഒലിച്ചുപോയി. 13 പ്രധാന ജലവൈദ്യുത പദ്ധതികളും ട്രാൻസ്മിഷൻ ലൈനുകളും തകരാറായി. 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡും പ്രളയത്തിൽ തകർന്നു. നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന ടിബറ്റിലെ ഗൈറോങ് അതിർത്തിയിൽ വൻ മണ്ണടിച്ചിലുണ്ടായതിനെ തുടർന്ന് വാർത്താവിനിമയ സംവിധാനങ്ങളും റോഡ് ഗതാഗതവും പൂർണമായും സ്തംഭിച്ചു. ദുരന്തത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 26 നേപ്പാൾ പൊലീസ് ഉദ്യോഗസ്ഥരെയും 7 സായുധ സേനാംഗങ്ങളെയും കാണാതായിട്ടുണ്ട്. നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരങ്ങളനുസരിച്ച്, ആകെ കാണാതായ 384 വിനോദസഞ്ചാരികളിൽ 105 പേർ ഇന്ത്യക്കാരാണ്. ഇവരെ ബന്ധപ്പെടാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും ബോർഡ് അറിയിച്ചു. ഇതോടൊപ്പം 37 വിദേശ ഇന്ത്യക്കാരായ വിനോദ സഞ്ചാരികളുടെ മേഖലയിൽ ഉണ്ടായിരുന്നു എന്ന കണക്കാണ് നേപ്പാർ സർക്കാർ നൽകിയിരിക്കുന്നത്. 36 പേരടങ്ങുന്ന മലയാളി സംഘവും മിന്നൽപ്രളയം നടന്നതിനടുത്ത് വഴിയിൽ കുടുങ്ങിയെങ്കിലും സുരക്ഷിതരാണ്.
നേപ്പാൾ സൈന്യവും ദുരന്തനിവാരണ സേനയും ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്. പലയിടത്തും ജലനിരപ്പ ഉയർന്നതിനാലും ചെളിയവും അവശിഷ്ടവും കുന്നുകൂടിയതു കൊണ്ടും ഹെലികോപ്റ്ററുകൾക്ക് ലാൻഡ് ചെയ്യാനാവുന്നില്ല. നേപ്പാൾ സർക്കാരുമായി സമ്പർക്കത്തിലാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. രക്ഷാപ്രവർത്തനം ഊർജ്ജിതമാണെന്ന് വ്യക്തമാക്കിയ എംബസി ഹെൽപ്ലൈൻ നമ്പറുകളും നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായുമായി സംസാരിച്ചു. ഇന്ത്യ ഉടൻ ദുരിതാശ്വാസ സാമഗ്രികൾ നേപ്പാളിലേക്കയക്കും. നദീതീരങ്ങളിൽ താമസിക്കുന്നവർ അടിയന്തരമായി ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് നേപ്പാൾ സർക്കാർ മുന്നറിയിപ്പ് നൽകി. മിന്നൽ പ്രളയത്തെത്തുർന്ന് ഗണ്ഡക്, നാരായണി നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. ജാഗ്രത പാലിക്കാനും ആവശ്യമായ തയ്യാറെടുപ്പുകൾ ഉറപ്പാക്കാനും പ്രാദേശിക ഭരണകൂടത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബീഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയും അടിയന്തര യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ ബീഹാർ മുഖ്യമന്ത്രിയുമായി സംസാരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam