
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണവുമായി ഉറ്റസുഹൃത്തും ഉപദേഷ്ടാവുമായ ഇലോൺ മസ്ക്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് സ്പേസ് എക്സ് ഉടമ മസ്കിന്റെ ആരോപണം. ജെഫ്രി എപ്സ്റ്റൈൻ ബാലപീഡന പരമ്പരയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പങ്കുണ്ടെന്നും അതുകൊണ്ടാണ് കേസ് റിപ്പോർട്ട് ട്രംപ് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നുമാണ് മസ്കിന്‍റെ ആരോപണം
'ബിഗ് ബോംബ്, ഈ പോസ്റ്റ് കുറിച്ചുവച്ചോളൂ, സത്യം പുറത്തുവരിക തന്നെ ചെയ്യും' എന്നു വിശേഷിപ്പിച്ചാണ് മസ്കിന്‍റെ പോസ്റ്റ്. ഉറ്റ സുഹൃത്തുക്കളായിരുന്ന മസ്കും ട്രംപും കുറച്ച് നാളുകളിലായി അഭിപ്രായ വിത്യാസത്തിലായിരുന്നു. ട്രംപിനെതിരെ ലൈംഗിക ചൂഷണ ആരോപണവുമായി മസ്ക് എത്തിയതോടെ വ്യക്തിപരമായ ആക്രമണത്തിലേക്ക് കടന്നിരിക്കുകയാണ് മസ്ക്. പീഡനക്കേസിൽ വിചാരണ നേരിടുന്നതിനിടെ 2019ൽ ജയിലിൽ ജീവനൊടുക്കിയ യുഎസ് ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റൈന്റെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെട്ടതാണ് വിവാദമായ കേസ്.
മസ്‌കുമായുള്ള തന്റെ ബന്ധം നല്ലരീതിയിൽ പോകുമെന്നു കരുതുന്നില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്. തന്റെ ബജറ്റ് ബില്ലിനെ മസ്‌ക് വിമർശിച്ചത് വളരെ നിരാശയുണ്ടാക്കുന്നതാണെന്ന് ട്രംപ് പറഞ്ഞു. ഉടക്കിയതോടെ ഇലോൺ മസ്കിന്‍റെ കമ്പനികൾക്ക് സർക്കാർ നല്‍കുന്ന സബ്‌സിഡികൾ നിർത്തലാക്കണമെന്ന് ട്രംപ് നിലപാടെടുത്തു. ഇലോൺ മസ്കിന്‍റെ കമ്പനികൾക്ക് സർക്കാർ സബ്‌സിഡികൾ, നികുതി ഇളവുകൾ എന്നിവ വഴി ലഭിച്ചത് 38 ബില്യൻ ഡോളറാണ്. ഇത് നിര്‍ത്തലാക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി.
മസ്‌കുമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇനി തുടരുമോ എന്ന് സംശയമാണെന്നും മസ്കിൽ താൻ നിരാശനാണ്, വൈറ്റ് ഹൗസിൽ നിന്ന് പിരിയാൻ നിർദേശിച്ചെന്നുമാണ് ട്രംപ് നിലവില്‍ പറയുന്നത്. എന്നാൽ ഡോണൾഡ് ട്രംപ് നന്ദികേട് പറയുകയാണെന്നും തന്റെ സഹായമില്ലായിരുന്നെങ്കിൽ 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് തോറ്റുപോയേനെയെന്നും ഇലോൺ മസ്ക് കുറ്റപ്പെടുത്തി.