
റിയാദ്: സൗദി അറേബ്യയിലെ യാൻബു, ജിസാൻ മേഖലകളിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ്. അടിയന്തര അപായ മുന്നറിയിപ്പ് സിവിൽ ഡിഫൻസ് പിന്നീട് പിൻവലിച്ചു. അപകട ഭീഷണിയെക്കുറിച്ച് നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം വഴി ജനങ്ങൾക്ക് നൽകിയ ജാഗ്രതാ നിർദ്ദേശമാണ് ഒഴിവാക്കിയത്. മേഖലയിലെ അപായഭീഷണി ഒഴിഞ്ഞതായി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അപായ മുന്നറിയിപ്പിലേക്ക് നയിച്ച അടിയന്തര സാഹചര്യത്തിന്‍റെ കൃത്യമായ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സിവിൽ ഡിഫൻസ് പുറത്തുവിട്ടിട്ടില്ല. മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും സുരക്ഷ മുൻനിർത്തി അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ തുടർന്നും പാലിക്കണമെന്ന് സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ബാധിത പ്രദേശങ്ങളിൽ ജനങ്ങൾ തടിച്ചുകൂടരുതെന്നും ചിത്രങ്ങളോ വീഡിയോകളോ പകർത്തി പ്രചരിപ്പിക്കരുതെന്നും അധികൃതർ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.
ബഹ്റൈനിലും അപായ സൈറണുകൾ മുഴങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ശാന്തമായിരിക്കണമെന്നുമായിരുന്നു നിർദ്ദേശം. തൊട്ടടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതർ ജനങ്ങള്‍ക്ക് എക്സ് പ്ലാറ്റ്ഫോമിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം ചെങ്കടലിൽ സൗദി കപ്പലിന് നേരെ വീണ്ടും ആക്രമണം ഉണ്ടായതിനെ തുടർന്ന് ഹൂതികൾക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സംയുക്ത സേന കടുത്ത തിരിച്ചടി നടത്തി. യെമനിലെ അൽ ഹുദയിദ ലക്ഷ്യമാക്കിയാണ് സംയുക്ത സേന ശക്തമായ ആക്രമണം നടത്തിയത്. നേരത്തെ ആക്രമണത്തിൽ നേരിയ തകരാറുകൾ സംഭവിച്ച സൗദി കപ്പൽ യാത്ര തുടർന്നിരുന്നു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ വിഷയം പരിഹരിക്കാനും ധാരണയിലെത്താനും ഇറാൻ ശ്രമിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
സംഘർഷം അവസാനിപ്പിക്കാൻ നിലവിൽ രണ്ട് വഴികളാണ് മുന്നിലുള്ളതെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ഇറാൻ വിദേശകാര്യ മന്ത്രിയും രാജ്യങ്ങൾ തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. അതിനിടെ, ഇറാന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ പിന്തുണ നൽകുമെന്ന് ചൈന പ്രഖ്യാപിച്ചു. മറ്റൊരു സംഭവത്തിൽ, ഒമാൻ കടലിൽ ഇറാന്റെ കപ്പലാണെന്ന് തെറ്റിദ്ധരിച്ച് അമേരിക്ക എൽപിജി ടാങ്കറിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ ആരോപിച്ചു. ഈ ആക്രമണത്തിൽ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam