യുദ്ധത്തിൽ സഹായിച്ചില്ല, കലി തീർത്തത് കുടുംബത്തിന് നേരെ, ഡൊണാൾഡ് ട്രംപിന് ശക്തമായ ഭാഷയിൽ മറുപടി, അന്തസ്സില്ലെന്ന് ഇമ്മാനുവൽ മാക്രോൺ

Published : Apr 03, 2026, 09:29 PM IST
macron trump

Synopsis

പേർഷ്യൻ ഗൾഫ് മേഖലയിൽ അറബ് സഖ്യകക്ഷികളെ സംരക്ഷിക്കാൻ ഫ്രാൻസ് സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും, ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള അമേരിക്കൻ സൈനിക നീക്കത്തിൽ പങ്കാളികളാകാൻ ഫ്രാൻസ് തയ്യാറായിട്ടില്ല.

പാരീസ്: ഇമ്മാനുവൽ മാക്രോണിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും പരിഹസിച്ച ഡൊണാൾഡ് ട്രംപിന് ശക്തമായ ഭാഷയിൽ മറുപടിയുമായി ഫ്രഞ്ച് പ്രസിഡന്റ്. ഇറാൻ വിഷയത്തിൽ അമേരിക്കയെ പിന്തുണയ്ക്കാത്തതിന്റെ പേരിലായിരുന്നു ഫ്രഞ്ച് പ്രസിഡന്റിനെതിരായ ട്രംപിന്റെ പരിഹാസം. ട്രംപിന്റെ പരാമർശങ്ങൾ അന്തസ്സില്ലാത്തതും തരംതാണതുമാണെന്നാണ് മാക്രോൺ വ്യാഴാഴ്ച ദക്ഷിണ കൊറിയ സന്ദർശനത്തിനിടെ പ്രതികരിച്ചത്. ഇറാനെതിരായ യുഎസ്-ഇസ്രായേൽ സൈനിക നീക്കത്തിൽ സഹകരിക്കാൻ ഫ്രാൻസ് വിസമ്മതിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ബുധനാഴ്ച നടന്ന ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്കവെ, മാക്രോണിന്റെ കുടുംബജീവിതത്തെ ട്രംപ് പരസ്യമായി പരിഹസിച്ചിരുന്നു. ഭാര്യ മാക്രോണിനോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും, മുൻപ് വിമാനത്തിൽ വെച്ച് ഭാര്യയിൽ നിന്ന് മുഖത്തടിയേറ്റതിന്റെ ആഘാതത്തിൽ നിന്ന് അദ്ദേഹം ഇനിയും മുക്തനായിട്ടില്ലെന്നുമായിരുന്നു ട്രംപിന്റെ പരിഹാസം. 2025ൽ പുറത്തുവന്ന ഒരു വീഡിയോയെ ആസ്പദമാക്കിയായിരുന്നു ട്രംപിന്റെ ഈ വ്യക്തിപരമായ കടന്നാക്രമണം. ബ്രിജിറ്റ് മാക്രോൺ ഇമ്മാനുവൽ മാക്രോണിനേക്കാൾ 25 വയസ് പ്രായക്കൂടുതലുള്ള വ്യക്തിയാണ്. ബ്രിജിറ്റ് പുരുഷനായേക്കാമെന്ന് പ്രചാരണം നടത്തിയ അമേരിക്കൻ പോഡ്കാസ്റ്റർക്കെതിരെ മക്രോണും ഭാര്യയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ട്രംപിനെ ക്ഷോഭിപ്പിച്ചത് സൈനിക നടപടിയെ പിന്തുണയ്ക്കാത്തത്

കഴിഞ്ഞ വർഷം ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരെ നടന്ന ആക്രമണത്തെ യൂറോപ്യൻ സഖ്യകക്ഷികൾ പിന്തുണച്ചിരുന്നു. എന്നാൽ നിലവിൽ നടക്കുന്ന സൈനിക നടപടിക്ക് സമാന നിലയിലെ പിന്തുണ ലഭിച്ചിരുന്നില്ല. പേർഷ്യൻ ഗൾഫ് മേഖലയിൽ അറബ് സഖ്യകക്ഷികളെ സംരക്ഷിക്കാൻ ഫ്രാൻസ് സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും, ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള അമേരിക്കൻ സൈനിക നീക്കത്തിൽ പങ്കാളികളാകാൻ ഫ്രാൻസ് തയ്യാറായിട്ടില്ല. സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ചേർന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വ്യോമതാവളങ്ങൾ ഉപയോഗിക്കുന്നതിനും ഫ്രാൻസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മാക്രോണിന്റെ ഭാര്യ ബ്രിജിത്തിനെതിരായ പരാമർശം ഫ്രാൻസിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. രാഷ്ട്രീയക്കാരുടെ സ്വകാര്യ ജീവിതത്തിന് വലിയ വിലനൽകുന്ന ഫ്രഞ്ച് സംസ്‌കാരത്തിൽ ട്രംപിന്റെ വാക്കുകൾ അസ്വീകാര്യമാണെന്ന് ഭരണ-പ്രതിപക്ഷ നേതാക്കൾ ഒരുപോലെ വ്യക്തമാക്കി.

ലോകം വലിയൊരു യുദ്ധത്തെ അഭിമുഖീകരിക്കുകയും നിരവധി ആളുകൾ യുദ്ധഭൂമിയിൽ മരിച്ചുവീഴുകയും ചെയ്യുമ്പോൾ, ഒരു രാഷ്ട്രത്തലവൻ മറ്റുള്ളവരെ പരിഹസിച്ചു ചിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഫ്രഞ്ച് നാഷണൽ അസംബ്ലി പ്രസിഡന്റ് യായേൽ ബ്രൗൺ-പിവെറ്റ് പ്രതികരിച്ചത്. ചുരുക്കത്തിൽ, രാഷ്ട്രീയമായ ഭിന്നതകൾക്കപ്പുറം ട്രംപും മാക്രോണും തമ്മിലുള്ള പോരാട്ടം ഇപ്പോൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങുന്നതിനിടയിലാണ് ഇമ്മാനുവൽ മാക്രോൺ ട്രംപിന് മറുപടി നൽകുന്നത്. മാക്രോണിന്റെ പ്രായം കൂടിയ ഭാര്യയെ മുൻപും ട്രംപ് പരിഹസിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോർമുസ് പ്രതിസന്ധിയിൽ ഇന്ത്യയുടെ ചടുല നീക്കം, റഷ്യയുമായി കൈകോർത്ത് ഊർജ്ജ പ്രതിസന്ധി മറികടക്കാൻ നീക്കം; എണ്ണ കാര്യത്തിലടക്കം ചർച്ച നടത്തി മോദി
അമേരിക്കൻ യുദ്ധ വിമാനം ഇറാനിൽ തകർന്നുവീണു; രക്ഷപ്പെട്ട പൈലറ്റിനായി തിരച്ചിൽ; കണ്ടെത്തിയാൽ ഉപദ്രവിക്കരുതെന്ന് ഇറാൻ സൈന്യം