'ഫ്രാൻസിന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കുന്ന ചിലരുണ്ട്'; ട്രംപിനെയും നെതന്യാഹുവിനെയും കുത്തി മാക്രോൺ, രൂക്ഷവിമർശനം

Published : Oct 22, 2026, 07:57 AM IST
Emmanuel Macron

Synopsis

ഫ്രാൻസിലെ ആഭ്യന്തര പ്രശ്നങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന വിദേശ നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഡൊണാൾഡ് ട്രംപിന്റെയും ബെഞ്ചമിൻ നെതന്യാഹുവിന്റെയും പേരെടുത്ത് പറയാതെയായിരുന്നു മാക്രോണിന്റെ വിമർശനം.

ദോഹ: ഫ്രാൻസിലെ കലാപവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ പ്രതികരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. യുഎസിലും ഇസ്രായേലിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫ്രാൻസിലെ സാഹചര്യം ഉയർത്തിക്കാട്ടി രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെയാണ് വിമർശനം. ഫ്രാൻസിലെ കലാപങ്ങളെ മുൻനിർത്തി ഫ്രാൻസിന്റെ ചെലവിൽ പ്രചാരണം നടത്തുന്ന വിദേശ നേതാക്കളെ മാക്രോൺ അപലപിച്ചതായി യൂറോന്യൂസ് റിപ്പോർട്ട് ചെയ്തു. ഖത്തറിലും മറ്റ് ഗൾഫ് രാജ്യങ്ങളിലുമായി ഇമ്മാനുവേൽ മാക്രോണിൻ്റെ സന്ദർശനം തുടരുന്നതിനിടെയാണ് വിമർശനം.

ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു ഫ്രഞ്ച് പ്രസിഡൻ്റിൻ്റെ വിമർശനം. അറ്റ്ലാന്റിക്കിന്റെ ഇരുവശത്തുമുള്ള നേതാക്കൾ ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണെന്ന് മാക്രോൺ ചൂണ്ടിക്കാട്ടി. "ഫ്രാൻസിന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കുന്ന ചിലരുണ്ട്. അത് ഈ മേഖലയിലുള്ളവരായാലും അറ്റ്ലാന്റിക്കിന് അപ്പുറത്തുള്ളവരായാലും അവർ ഇപ്പോൾ പ്രചാരണത്തിന്റെ തിരക്കിലാണ്"- മാക്രോൺ പറഞ്ഞു.

ഫ്രാൻസിലെ അക്രമങ്ങൾക്ക് പിന്നിൽ വിദേശ ഇടപെടലുകളാണെന്ന വാദം മാക്രോൺ തള്ളി. "ഇവിടെ നടന്ന സംഭവങ്ങളിൽ വിദേശ ഇടപെടലുകൾ ഉള്ളതായി എനിക്ക് തോന്നുന്നില്ല. എന്നാൽ ഇതിന് ശേഷം വിവരങ്ങൾ വളച്ചൊടിക്കാൻ വിദേശ ശക്തികൾ ശ്രമിച്ചിട്ടുണ്ട്. വിദേശ നേതാക്കൾ ഉൾപ്പെടെ പലരും നടത്തിയ അംഗീകരിക്കാനാവാത്തതും വിഡ്ഢിത്തം നിറഞ്ഞതുമായ അഭിപ്രായങ്ങൾക്ക് കാരണമായത് ഇതാണ്"- മാക്രോൺ വ്യക്തമാക്കി.

ഫ്രാൻസിൽ ഒരിക്കലും നടക്കാത്ത കാര്യങ്ങൾ കാണിക്കുന്ന എഐ ചിത്രങ്ങൾ കണ്ടുവെന്നും കുടിയേറ്റക്കാരും ഇസ്ലാമിസ്റ്റുകളും രാജ്യത്തേക്ക് ഇരച്ചുകയറിയെന്ന് വിശദീകരിക്കുന്ന ആളുകൾ വരെയുണ്ടെന്നും മാക്രോൺ പറഞ്ഞു. വിമർശനം ട്രംപിനെ ഉദ്ദേശിച്ചാണോ എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, മറ്റു പലർക്കുമൊപ്പം അദ്ദേഹത്തെയും ഉദ്ദേശിച്ചാണ് എന്നായിരുന്നു മാക്രോണിന്റെ മറുപടി. ആരാണ് ഫ്രാൻസിനെ സ്നേഹിക്കുന്നതെന്നും അല്ലാത്തതെന്നും ഇത്തരം ഘട്ടങ്ങളിൽ മനസ്സിലാകുമെന്ന് മാക്രോൺ പറഞ്ഞു. ഇപ്പോൾ രാജ്യത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നവരൊന്നും ഈ രാജ്യത്തെ സ്നേഹിക്കുന്നവരല്ല. അങ്ങനെയുള്ള ആളുകൾ തന്നെ ശരിക്കും അലോസരപ്പെടുത്തുന്നുണ്ടെന്നും ഇമ്മാനുവേൽ മാക്രോൺ കൂട്ടിച്ചേർത്തു.

പാരീസ് ഉടൻ തന്നെ ഒരു മുസ്ലീം നഗരമായി മാറുമെന്ന് തിങ്കളാഴ്ച ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കാത്തതിന് മാക്രോണിനെ വിമർശിച്ച ട്രംപ്, പാരീസിലെ വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റമാണെന്നും കുറ്റപ്പെടുത്തിയിരുന്നു. ഡെമോക്രാറ്റുകൾ അധികാരത്തിൽ വന്നാൽ അമേരിക്കയ്ക്കും ഇതേ ഗതി വരുമെന്നായിരുന്നു ട്രംപ് വോട്ടർമാർക്ക് നൽകിയ മുന്നറിയിപ്പ്. ഫ്രാൻസ് ഇപ്പോൾ നേരിടുന്നത് തീവ്ര ഇസ്ലാമിന്റെ അധിനിവേശമാണെന്നായിരുന്നു ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടത്. ഇതിന് പിന്നാലെയാണ് മാക്രോണിന്റെ പ്രതികരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിലെ എണ്ണപ്പാടം ആക്രമിച്ച് ഹൂത്തികൾ; ഡ്രോൺ അവശിഷ്ടം വീണ് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു; പരിക്കേറ്റവരിൽ ഇന്ത്യക്കാരനും
ട്രംപിനെ തള്ളി ഫ്രഞ്ച് പ്രസിഡന്റ്; 'ബുദ്ധിശൂന്യമായ പരാമർശം, പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം തീർത്തും തെറ്റ്'