
ബഹിർ ദാർ: എത്യോപ്യയിൽ അതിമാരക മാർബഗ് വൈറസ് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന ഒമോ മേഖലയിൽ ഒമ്പത് പേരിൽ വൈറസ് ബാധ കണ്ടെത്തി. വൈറസ് വ്യാപനം തടയുന്നതിനായി ലോകാരോഗ്യ സംഘടന പ്രത്യേക സംഘത്തെ എത്യോപ്യയിൽ നിയോഗിച്ചു. എബോഗളയുടെ ഗണത്തിൽ പെടുന്ന ഫിലോ വൈറസാണ് മാർബഗ്. എബോളയേക്കാൾ അതീവ അപകടകാരിയാണ് ഇത്. അപൂർവവും അപകടകാരിയുമായ ഹെമറേജ് ഫീവർ എന്നാണ് അമേരിക്ക ആസ്ഥാനമാക്കിയുള്ള സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ ഈ രോഗബാധയെ വിശേഷിപ്പിക്കുന്നത്.
ഈജിപ്ഷ്യൻ പഴംതീനി വവ്വാലുകളിലാണ് മാർബഗ് വൈറസ് ആദ്യമായി കണ്ടെത്തിയത്. എബോളയ്ക്ക് സമാനമായി വവ്വാലുകളിൽ നിന്നാണ് മനുഷ്യലേക്ക് മാർബഗ് വൈറസ് പടരുന്നത്. ശരീര സ്രവങ്ങളിൽ നിന്നും രോഗ ബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും ശരീര സ്രവത്തിന്റെ അംശമുള്ള വസ്ത്രങ്ങളിൽ നിന്നും ബെഡ്ഷീറ്റുകളിൽ നിന്നുപോലും വൈറസ് പടരാനുള്ള സാധ്യതയുണ്ട്.
കടുത്ത രക്തശ്രാവം, പനി, ഛർദ്ദി, ശരീരത്തിൽ ഉണ്ടാകുന്ന തടിപ്പ്, എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മാർബഗിന് ഇതുവരെ ചികിത്സയോ വാക്സിനോ കണ്ടുപിടിച്ചിട്ടില്ല. 25 മുതൽ 80 ശതമാനം വരെയാണ് മരണനിരക്ക്. എത്യോപ്യയിലല്ലാതെ മറ്റൊരു ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ഇതുവരെ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് വിവരം. 1967ൽ ജർമ്മനിയിലെ മാർബഗിലാണ് ആദ്യമായി ഈ വൈറസ് സ്ഥിരീകരിച്ചത്. തുടർന്നാണ് വൈറസിന് മാർബഗ് വൈറസ് എന്ന് പേരുവന്നത്.