
അസ്താന: വിമാനത്താവളത്തിൽ കത്തിമുനയിൽ ബന്ദിയാക്കപ്പെട്ട ജീവനക്കാരിയെ രക്ഷിക്കാൻ ജീവൻ പണയം വച്ച് മുൻ ബോക്സറുടെ ധീരമായ ഇടപെടൽ. എല്ലാവരും പരിഭ്രാന്തരായി നോക്കിനിൽക്കെ ആ യുവതിയെ വിടൂ, തന്നെ ബന്ദിയാക്കിക്കൊള്ളൂ എന്ന് പറഞ്ഞാണ് ബോക്സർ മുന്നോട്ടുവന്നത്. ശേഷം നടന്നത് ഏതൊരു ആക്ഷൻ സിനിമയെയും വെല്ലുന്ന രംഗങ്ങളാണ്.
കസാക്കിസ്ഥാനിലെ അൽമാറ്റി വിമാനത്താവളത്തിലാണ് അജ്ഞാതനായ അക്രമി കത്തി കാട്ടി സുരക്ഷാ ജീവനക്കാരിയെ ബന്ദിയാക്കിയത്. തന്‍റെ കയ്യിൽ ബോംബ് ഉണ്ടെന്നും അക്രമി അവകാശപ്പെട്ടു. മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ നിസ്സഹായരായി നോക്കിനിൽക്കുമ്പോൾ, അഞ്ച് കുട്ടികളുടെ അച്ഛനും മുൻ ബോക്സറുമായ 52 വയസ്സുള്ള മുസ അബ്ദ്രൈം ശാന്തനായി മുന്നോട്ടുവന്നു.
‘അവൾക്ക് പകരം എന്നെ ബന്ദിയാക്കുക’ എന്നാണ് മുസ പറഞ്ഞത്. തുടർന്ന് അക്രമി യുവതിയെ മോചിപ്പിച്ച് മുസയെ പിടിച്ചുവച്ചു. മുസ അക്ഷോഭ്യനായി നിന്നു. എന്നാൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ മുസ പ്രതിയുടെ വലതു കൈയിൽ നിന്ന് കത്തി തട്ടിയെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
അപ്പോഴേക്കും ചുറ്റും കൂടി നിന്നവരും അക്രമിയെ കീഴ്പ്പെടുത്താൻ ഒപ്പം കൂടി. അക്രമിക്ക് 12 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഇയാൾ എന്തിനാണ് വിമാനത്താവള ജീവനക്കാരിയെ ബന്ദിയാക്കിയതെന്ന് ഇപ്പോൾ വ്യക്തമല്ല. താൻ ഫോണിലെ ബട്ടണ്‍ ഞെക്കിയാൽ എല്ലാം പൊട്ടിത്തെറിക്കും എന്നാണ് ഇയാൾ പറഞ്ഞത്. സംഭവത്തിൽ കസാക് പൊലീസ് അന്വേഷണം തുടരുകയാണ്. ധീരതയ്ക്ക് മുസ അബ്ദ്രൈമിനെ മെഡൽ നൽകി ആദരിക്കുമെന്ന് കസാകിസ്ഥാൻ പ്രസിഡന്‍റ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam