
ഇസ്ലാമാബാദ്: പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങൾ മറിച്ച് വിറ്റെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാന് തിരിച്ചടി. കേസിൽ ഇമ്രാൻ ഖാന് മൂന്ന് വർഷം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. അഞ്ച് വർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. വിധിക്ക് പിന്നാലെ ഇമ്രാൻ ഖാനെ ലാഹോറിലെ വസതിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
പാകിസ്ഥാൻ തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് തൊട്ടുമുൻപാണ് ഇമ്രാൻ ഖാനെതിരായ വിധി. പ്രധാനമന്ത്രി പദം ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയെന്നാണ് ഇമ്രാനെതിരായ കുറ്റം. 2018 മുതൽ 22 വരെയുള്ള കാലയളവിൽ പാകിസ്ഥാൻ സന്ദർശിച്ച അതിഥികളിൽ നിന്നും പ്രധാനമന്ത്രിയെന്ന നിലയിൽ പാരിതോഷികങ്ങൾ വാങ്ങി മറിച്ച് വിറ്റുവെന്നാണ് കേസ്. 6,35,000 ഡോളർ വിലമതിക്കുന്ന പാരിതോഷികങ്ങൾ വാങ്ങുകയും മറിച്ച് വിൽക്കുകയും ചെയ്തുവെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇമ്രാനെതിരെ ആദ്യം നടപടി എടുത്തത്. ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ വൻ പൊലീസ് സന്നാഹം ലഹോറിലെ വസതി വളഞ്ഞ് ഇമ്രാനെ അറസ്റ്റ് ചെയ്തു.
അറസ്റ്റിന് പിന്നാലെ ഇമ്രാൻ നേരത്തെ തയ്യാറാക്കി നൽകിയ വീഡിയോ പ്രവർത്തകർ പുറത്ത് വിട്ടു. അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതാണെന്ന് പറഞ്ഞ ഇമ്രാൻ, പ്രവർത്തകർ സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു. വോട്ടിലൂടെ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നവംബറിൽ നടക്കാനിരിക്കെ വിധിക്കെതിരെ വേഗം അപ്പീൽ പോകാനാണ് ഇമ്രാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹരീഖിന്റെ നീക്കം. എന്നാൽ മേൽകോടതി ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കിൽ ഇമ്രാന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. എകദേശം 150 ഓളം കേസുകൾ നേരിടുന്ന ഇമ്രാനെ നേരത്തെ അറസ്റ്റ് ചെയ്തപ്പോൾ വലിയ കപാലമുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...