വിവാഹ മോചന കേസിൽ വിധി വരാൻ ദിവസങ്ങൾ മാത്രം, ഭാര്യയെ വെടിവെച്ച് കൊന്ന് സ്വയം ജീവനൊടുക്കി വിർജീനിയ മുൻ ലെഫ്റ്റനന്‍റ് ഗവർണർ

Published : Apr 17, 2026, 09:11 AM IST
Justin Fairfax

Synopsis

ജസ്റ്റിൻ ഫെയർഫാക്‌സ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് രണ്ട് സ്ത്രീകൾ രംഗത്തെത്തിയതോടെ ജസ്റ്റിന്‍റെ രാഷ്ട്രീയ ഭാവി തകർന്നു. വിവാഹിതനാകുന്നതിന് മുമ്പ് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നായിരുന്നു ജസ്റ്റിന്‍റെ വാദം.

വാഷിംഗ്ടൺ: ഭാര്യയെ വെടി വെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി വിർജീനിയ മുൻ ലെഫ്റ്റനന്റ് ഗവർണർ ജസ്റ്റിൻ ഫെയർഫാക്‌സ്. വിവാഹ മോചനവുമായി ബന്ധപ്പെട്ട നിയമനടപടികൾ അവസാനിക്കാൻ ആഴ്ചകൾ മാത്രമുള്ളപ്പോഴാണ് കൊലപാതകം നടക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ വാഷിംഗ്ടൺ ഡിസിയിലെ അന്നൻഡേലിലെ പ്രാന്തപ്രദേശത്തുള്ള വീട്ടിലാണ് ഡെമോക്രാറ്റിക് പാർട്ടി നേതാവായിരുന്ന47 കാരൻ ജസ്റ്റിൻ ഫെയർഫാക്‌സിനെയും ഭാര്യ ഡോ. സെറീന ഫെയർഫാക്‌സിനെയും (49) മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈംഗിക പീഡന ആരോപണങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ദന്തഡോക്ടറായ സെറീന വിവാഹമോചനത്തിന് അപേക്ഷിച്ചിരുന്നു. ഇതിൽ ജസ്റ്റിൻ കടുത്ത നിരാശയിലായിരുന്നുവെന്നാണ് ഫെയർഫാക്‌സ് കൗണ്ടി പൊലീസ് മേധാവി കെവിൻ ഡേവിസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

 വ്യാഴാഴ്ച പുലർച്ചെ ബേസ്‌മെന്റിൽ വെച്ച് ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ജസ്റ്റിൻ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ പോയി ആത്മഹത്യ ചെയ്യുകയായിരുന്നു. വെടിയൊച്ച കേട്ട് ഇവരുടെ മകൻ എമർജൻസി നമ്പറിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ജസ്റ്റിൻ ഫെയർഫാക്‌സും സെറീനിയും ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിൽ ബിരുദ വിദ്യാർത്ഥികളായിരിക്കെയാണ് കണ്ടുമുട്ടുന്നത്. ഇരുവരും 2006 ൽ ആണ് വിവാഹിതരായത്. ഇവർക്ക് 2 മക്കളുണ്ട്. വേർപിരിഞ്ഞെങ്കിലും കൗമാരക്കാരായ കുട്ടികളോടൊപ്പം അവർ ജസ്റ്റിനൊപ്പം തന്നെയായിരുന്നു താമസം. 

വിവാഹ മോചന കേസിൽ കോടതി അന്തിമ വിധി പ്രഖ്യാപിക്കാൻ ആഴ്ചകൾ മാത്രമുള്ളപ്പോവാണ് ജസ്റ്റിൻ സെറീനയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കുന്നത്. 2017-ൽ ആണ് ജസ്റ്റിൻ ഫെയർഫാക്‌സ് വിർജീനിയ ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക് വിജയിക്കുന്നത്. രണ്ട് വർഷത്തിന് ശേഷം ഡെമോക്രാറ്റിക് ഗവർണർ റാൽഫ് നോർത്താം മെഡിക്കൽ സ്കൂൾ ഇയർബുക്കിലെ വംശീയ ഫോട്ടോയുടെ പേരിൽ രാജിവയ്ക്കാൻ നിർബന്ധിതനായ സമയത്ത് വിർജീനിയയുടെ രണ്ടാമത്തെ കറുത്ത വർഗക്കാരനായ ജസ്റ്റിന് ഗവർണറാകാൻ അവസരമൊരുങ്ങിയിരുന്നു. നോർത്താം സ്ഥാനമൊഴിഞ്ഞിരുന്നെങ്കിൽ ഫെയർഫാക്‌സ് ഗവർണറാകുമായിരുന്നു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ഫെയർഫാക്‌സ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് രണ്ട് സ്ത്രീകൾ രംഗത്തെത്തിയതോടെ ജസ്റ്റിന്‍റെ രാഷ്ട്രീയ ഭാവി തകർന്നു.

വിവാഹിതനാകുന്നതിന് മുമ്പ് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നായിരുന്നു ജസ്റ്റിന്‍റെ വാദം. 2021-ൽ അദ്ദേഹം ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ ശ്രമിച്ചു. പക്ഷേ ഡെമോക്രാറ്റിക് പ്രൈമറിയിൽ ജസ്റ്റിൻ പരാജയപ്പെട്ടു. ഇതിനിടെയാണ് സെറീന വിവാഹ മോചനത്തിന് കോടതിയെ സമീപിക്കുന്നത്. താനും ഭർത്താവും ഏകദേശം രണ്ട് വർഷം മുമ്പ് വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും വിവാഹ മോചനം വേണമെന്നും ഭർത്താവ് കടുത്ത മദ്യപാനത്തിലേക്ക് വഴുതി വീണെന്നും സെറീന ഫെയർഫാക്‌സ് കോടതിയിൽ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ യുദ്ധത്തിൽ നേട്ടം കൊയ്‌ത് അമേരിക്ക; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി എണ്ണ കയറ്റുമതി കുതിച്ചുയർന്നു
40 രാജ്യങ്ങൾ ഒന്നിച്ചിറങ്ങുന്നു, നേതൃത്വം കൊടുക്കാൻ ഫ്രാൻസും ബ്രിട്ടനും; ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി കൂടിക്കാഴ്ച ഇന്ന്