
വെയിൽസ്: പതിനായിരം അടിയിൽ നിന്നുള്ള സ്കൈ ഡൈവിംഗിനിടെ പ്രമുഖ സ്കൈ ഡൈവർ മരിച്ച സംഭവം ആത്മഹത്യയെന്ന് സ്ഥിതീകരണം. ജീവനൊടുക്കാനുള്ള തീരുമാനത്തോടെയാണ് യുവതി പാരച്യൂട്ട് അടക്കമുള്ളവ തുറക്കാൻ ശ്രമിക്കാതിരുന്നതെന്നും ഇൻക്വസ്റ്റ് റിപ്പോർട്ട് വിശദമാക്കുന്നത്. ഏപ്രിൽ 27നായിരുന്നു 32 കാരിയായ പ്രമുഖ സ്കൈ ഡൈവർ ജേഡ് ഡാമരൽ മരിക്കുന്നത്. പാരച്യൂട്ട് തുറക്കാനുള്ള ഒരു ശ്രമങ്ങളും ജേഡ് നടത്തിയില്ലെന്നാണ് തെളിവുകൾ നിരത്തി ഇൻക്വസ്റ്റ് റിപ്പോർട്ട് വിശദമാക്കുന്നത്. കേസിലെ ദുരൂഹതകൾ തള്ളിയാണ് ഇൻക്വസ്റ്റ് സംഭവം ആത്മഹത്യയാണെന്ന് വിലയിരുത്തിയത്. കാലാവസ്ഥ അടക്കമുള്ള ഘടകങ്ങൾ യാതൊരു രീതിയിലുള്ള പ്രതിബന്ധങ്ങളായില്ലെന്നും ജേഡിന് സുപരിചിതമായ സ്ഥലത്താണ് അപകടമുണ്ടായതെന്നും ഇൻക്വസ്റ്റ് അധികൃതർ നിരീക്ഷിച്ചു. ജേഡ‍് സ്ഥിരമായി സ്കൈ ഡൈവിംഗിന് ഉപയോഗിച്ചിരുന്ന ഹെൽമറ്റിലെ ക്യാമറ സംഭവ ദിവസം എടുത്തിരുന്നില്ല എന്നതടക്കം യുവതി മരിക്കാൻ തീർച്ചപ്പെടുത്തിയിരുന്നതിന്റെ സൂചനയാണെന്നും ഇൻക്വസ്റ്റ് റിപ്പോർട്ട് വിശദമാക്കി. ഒരുരീതിയിലുള്ള ലഹരിയുടെ സാന്നിധ്യം യുവതിയുടെ സാംപിളുകളിൽ നിന്ന് കണ്ടെത്താനായില്ലെന്നും ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കി.
നാനൂറിലേറെ തവണ സ്കൈ ഡൈവിംഗ് ചെയ്തിട്ടുള്ള വ്യക്തിയാണ് ജേഡ്. 2025ൽ മാത്രം ഇതിന് മുൻപ് 80 തവണയാണ് ജേഡ് സ്കൈ ഡൈവിംഗ് നടത്തിയത്. ബ്രിട്ടനിലെ ഡർഹാം കൗണ്ടിയിലെ ഷോട്ടൺ കോളിയറിയിലെ ഒരു ഫാമിലേക്കാണ് പതിനായിരം അടി ഉയരത്തിൽ നിന്ന് ജേഡ് വന്ന് പതിച്ചത്. സംഭവ സ്ഥലത്ത് വച്ച് തന്നെ യുവതി കൊല്ലപ്പെട്ടിരുന്നു. ഒരു ദിവസം മുൻപാണ് 26കാരനായ കാമുകൻ ബെൻ ഗുഡ്ഫെലോയുമായി ജേഡ് തെറ്റിപ്പിരിഞ്ഞത്. ബെന്നും സ്കൈ ഡൈവറാണ്. ആറ് മാസത്തിലേറെ പ്രണയത്തിലായിരുന്ന ഇവർ ഒരു വീട് വാടകയ്ക്ക് എടുത്തായിരുന്നു താമസിച്ചിരുന്നത്.
ജേഡും ബെന്നും നിരവധി തവണ ഒരുമിച്ച് സ്കൈ ഡൈവിംഗും നടത്തിയിട്ടുണ്ട്. എന്നാൽ ജേഡ് അവസാന ഡൈവിൽ 26കാരൻ ഒപ്പമുണ്ടായിരുന്നില്ല. തുടക്കത്തിൽ അപകടമെന്ന് കരുതിയിരുന്ന സംഭവം വിശദമായ പരിശോധനയിലാണ് ആത്മഹത്യയാണ് എന്ന് മനസിലാവുന്നത്. യുവതി മനപൂർവ്വം പാരച്യൂട്ട് തുറക്കാതിരിക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. യുവതിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന കുറിപ്പുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നും പൊലീസ് വിശദമാക്കി.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam