
വാഷിംഗ്ടൺ/ബെയ്റൂട്ട്: ഹോർമുസ് കടലിടുക്കിൽ ഇറാന്‍റെ ഭീഷണി നേരിടുന്ന എണ്ണക്കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ യുദ്ധക്കപ്പലുകൾ വിന്യസിക്കാനുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ്. ട്രംപിന്‍റെ ഈ നീക്കം 'അതീവ അപകടകരമായ ഒരു ദൗത്യമാണെന്ന്' വിദേശകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ ആകെ ക്രൂഡ് ഓയിൽ വിതരണത്തിന്‍റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഈ നിർണ്ണായക ജലപാത ഇറാൻ ഭാഗികമായി തടസപ്പെടുത്തിയതോടെയാണ് ആഗോള ഇന്ധന പ്രതിസന്ധി രൂക്ഷമായതും അമേരിക്ക സൈനിക നീക്കത്തിന് മുതിർന്നതും.
ഹോർമുസ് കടലിടുക്കിന്‍റെ സുരക്ഷയ്ക്കായി അമേരിക്കയ്‌ക്കൊപ്പം മറ്റ് രാജ്യങ്ങളും യുദ്ധക്കപ്പലുകൾ അയക്കുമെന്ന് ശനിയാഴ്ച ട്രംപ് അവകാശപ്പെട്ടു. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങൾ ഈ ദൗത്യത്തിൽ പങ്കുചേരുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാൽ ഏതൊക്കെ രാജ്യങ്ങളാണ് ഇതിനോട് ഔദ്യോഗികമായി സഹകരിക്കുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം, പ്രതിരോധ നയരൂപീകരണ വിദഗ്ധ റോസ്‌മേരി കെലാനിക് ഈ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി. കടലിടുക്കിന്‍റെ വടക്കൻ ഭാഗങ്ങളിൽ ഇറാന് വ്യക്തമായ മേൽക്കൈ ഉണ്ടെന്നും ഡ്രോണുകൾ മുതൽ മിസൈലുകൾ വരെ ഉപയോഗിച്ച് ഏത് നിമിഷവും ആക്രമണം നടത്താൻ അവർക്ക് സാധിക്കുമെന്നും അവർ സിഎൻഎന്നിനോട് പറഞ്ഞു.
കടലിടുക്കിന്‍റെ വീതിക്കുറവ് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. തീരത്തുനിന്ന് തന്നെയുള്ള ആക്രമണങ്ങൾ നേരിടുമ്പോൾ കപ്പലുകൾക്ക് പ്രതിരോധിക്കാൻ ആവശ്യമായ സമയം ലഭിക്കില്ലെന്ന് കെലാനിക് ചൂണ്ടിക്കാട്ടി. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസിന്‍റെ കണക്കുകൾ പ്രകാരം, ഫെബ്രുവരി 28ന് സംഘർഷം ആരംഭിച്ചത് മുതൽ പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ ഗൾഫ് എന്നിവിടങ്ങളിലായി 17 കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുഎസ് സൈന്യത്തിന്‍റെ ഇടപെടൽ മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam