കാലാവധി കഴിഞ്ഞ ഹെലികോപ്റ്ററുകളും വിമാനങ്ങളും; ഉപരോധങ്ങളാൽ വലഞ്ഞ ഇറാന്‍റെ വ്യോമയാന മേഖല

Published : May 20, 2024, 08:38 AM ISTUpdated : May 20, 2024, 01:18 PM IST
കാലാവധി കഴിഞ്ഞ ഹെലികോപ്റ്ററുകളും വിമാനങ്ങളും; ഉപരോധങ്ങളാൽ വലഞ്ഞ ഇറാന്‍റെ വ്യോമയാന മേഖല

Synopsis

1959ൽ അവതരിപ്പിച്ച ബെൽ ഹെലികോപ്റ്ററിലാണ് ഇറാൻ പ്രസിഡന്‍റ് സഞ്ചരിച്ചിരുന്നത്. ഇറാൻ വ്യോമയാന രംഗത്തിന്റെ അവസ്ഥ മനസിലാക്കാൻ മറ്റൊരു ഉദാഹരണത്തിന്റെ ആവശ്യം പോലുമില്ല.

ടെഹ്റാൻ: രാജ്യാന്തര ഉപരോധങ്ങളുടെ കയ്പ്പുനീർ ആവോളം കുടിച്ചതാണ് ഇറാന്‍റെ വ്യോമയാന മേഖല. ഇപ്പോഴത്തെ അപകടം പോലും കാലാവധി കഴിഞ്ഞ ഹെലികോപ്റ്ററുകളിലേക്കും വിമാനങ്ങളിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.

1979ലെ ഇസ്‍ലാമിക വിപ്ലവം മുതൽ തുടങ്ങിയതാണ് ഇറാനെതിരായ അന്താരാഷ്ട്ര ഉപരോധങ്ങൾ. സാമ്പത്തിക വ്യാവസായിക ഉപരോധങ്ങൾ ഇറാന് പല നിർണായക സാങ്കേതിക വിദ്യകളും അപ്രാപ്യമാക്കി. ഇറാൻ വ്യോമയാന മേഖല ഒരിക്കലും ആ ഉപരോധങ്ങളിൽ നിന്ന് കരകയറിയില്ല. പുത്തൻ വിമാനങ്ങൾ വാങ്ങാനോ നിലവിലെ വിമാനങ്ങൾക്ക് ആവശ്യമായ സ്പെയർ പാർട്ടുകൾ ലഭ്യമാക്കാനോ കഴിയാത്തതാണ് പ്രശ്നം. ലോകത്തിലെ ഏറ്റവും മോശ എയർലൈനുകളുടെ നിരയിലാണ് ഇറാൻ എയറും അസേമാൻ എയർലൈൻസും മഹാൻ എയറുമൊക്കെ പരിഗണിക്കപ്പെടുന്നത്. 2022 വരെയുള്ള കണക്കനുസരിച്ച് വിവിധ വിമാനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 1775 പേർക്കാണ്. പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ എയർലൈനുകളിലൊന്നാണ് ഇറാൻ എയർ. എന്നാൽ സ്വന്തമായി 30 വിമാനങ്ങൾ മാത്രം.

2015ൽ ജോയിന്റ് കോംപ്രഹൻസീവ് പ്ലാൻ ഓഫ് ആക്ഷൻ എന്ന പേരിൽ ഇറാനും യുഎൻ സുരക്ഷാ കൗൺസിലിലെ അഞ്ച് സ്ഥിരാംഗങ്ങളും തമ്മിൽ ഒരു ആണവ കരാർ ഒപ്പിട്ടിരുന്നു. സമ്പുഷ്ടീകരിച്ച യുറാനിയത്തിന്‍റെ അളവ് വെട്ടികുറയ്ക്കാമെന്ന ഇറാന്‍റെ ഉറപ്പായിരുന്നു ഈ കരാറിന്‍റെ പ്രാണൻ. ഇറാന്‍റെ മേലുള്ള കടുത്ത ഉപരോധങ്ങളിൽ പുതിയ കരാർ അയവ് കൊണ്ടുവന്നു. എന്നാൽ 2018ൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കരാറിൽ നിന്ന് പിന്മാറി. ഇതോടെ പുത്തൻ വിമാനങ്ങൾ വാങ്ങാൻ പല കമ്പനികളുമായി ഇറാൻ എയർലൈനുകൾ നടത്തിയ ചർച്ചകളും അവസാനിച്ചു. 1959ൽ അവതരിപ്പിച്ച ബെൽ ഹെലികോപ്റ്ററിലാണ് ഇറാൻ പ്രസിഡന്‍റ് സഞ്ചരിച്ചിരുന്നത്. ഇറാൻ വ്യോമയാന രംഗത്തിന്റെ അവസ്ഥ മനസിലാക്കാൻ മറ്റൊരു ഉദാഹരണത്തിന്റെ ആവശ്യം പോലുമില്ല.

ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ ഇനിയും കണ്ടെത്താനായില്ല. അയൽരാജ്യമായ അസർബൈജാനിൽ നിന്ന് മടങ്ങുമ്പോൾ ഇന്നലെ പ്രാദേശിക സമയം വൈകീട്ട് അഞ്ചു മണിയോടെ ആണ് ഇറാൻ പ്രസിഡന്റിനേയും വിദേശകാര്യ മന്ത്രിയെയും കാണാതായത്. അസർബൈജാൻ - ഇറാൻ അതിർത്തിയിലെ കനത്ത മൂടൽമഞ്ഞിനും മഴക്കുമിടയിൽ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്ക്കരമാവുകയാണ്. ദുഷ്കര രക്ഷാ ദൗത്യങ്ങളിൽ പ്രത്യേക പരിശീലനം കിട്ടിയ സംഘത്തെ അടക്കം അയച്ച് റഷ്യ ഇറാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. തുർക്കിയും സഹായ സന്നദ്ധത അറിയിച്ചു. ഇറാനിൽ ഉടനീളം പ്രസിഡന്റിനായി പ്രാർത്ഥനകൾ നടക്കുകയാണ്. 

ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താനായിട്ടില്ല; തെരച്ചിൽ പുരോ​ഗമിക്കുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യാജ പിസ ഹട്ട് ഉദ്ഘാടനത്തിന് പാക് പ്രതിരോധ മന്ത്രി, യുഎസ് കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ട്രോളോട് ട്രോൾ
എ ഐ യുദ്ധത്തിലും ബഹുദൂരം മുന്നിൽ; നമ്മൾ വിചാരിച്ച ആളല്ല ചൈനയെന്ന് ഡീപ് മൈൻഡ് മേധാവി ഡെമിസ് ഹസാബിസ്