
മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ സുരക്ഷാ മുന്നറിയിപ്പിന് പിന്നാലെ സ്ഫോടന ശബ്ദങ്ങൾ കേട്ട സംഭവത്തിൽ ഭീഷണി ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ചയുണ്ടായ സുരക്ഷാ ഭീഷണിയെത്തുടർന്ന് രാജ്യത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. നിലവിൽ ഭീഷണി ഒഴിഞ്ഞെങ്കിലും മുൻകരുതൽ നടപടികൾ തുടരുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും ആഭ്യന്തര മന്ത്രാലയം 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ ഡ്രോൺ ആക്രമണ ശ്രമം പ്രതിരോധിച്ചതായി ബഹ്‌റൈൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. നേരത്തെ, സുരക്ഷാ ഭീഷണി സംബന്ധിച്ച് താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ എത്തിയതിന് പിന്നാലെയാണ് മനാമയിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ ജനങ്ങൾ പരിഭ്രാന്തരാകാതെ അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.
ബഹ്‌റൈനിലെ ഷെയ്ഖ് ഇസ വ്യോമതാവളത്തിൽ അമേരിക്ക പ്രവർത്തിപ്പിക്കുന്ന റഡാർ സംവിധാനത്തെ ലക്ഷ്യമിട്ടാണ് ഡ്രോൺ ആക്രമണം നടത്തിയതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് അവകാശപ്പെട്ടു. ഇറാൻ വ്യോമാതിർത്തിയിൽ അമേരിക്കൻ സൈനിക ഡ്രോണുകൾ ആവർത്തിച്ച് ലംഘനം നടത്തിയതിനുള്ള തിരിച്ചടിയായാണ് കൃത്യതയാർന്ന ഈ ആക്രമണം നടത്തിയതെന്ന് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഔദ്യോഗിക വാർത്താ വെബ്‌സൈറ്റായ 'സെപ' പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ബഹ്‌റൈനിൽ സായുധ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് മനാമയിലെ യുഎസ് എംബസി പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസങ്ങൾ. ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണ ഭീഷണിയും മേഖലയിലെ യുഎസ് ഉദ്യോഗസ്ഥരെയും കേന്ദ്രങ്ങളെയും ലക്ഷ്യമിടാനുള്ള ഇറാന്റെ നീക്കങ്ങളും കണക്കിലെടുത്ത് അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് നവംബർ 16-ന് പുറത്തിറക്കിയ സുരക്ഷാ മുന്നറിയിപ്പിൽ എംബസി ആവശ്യപ്പെട്ടിരുന്നു.
മേഖലയിലെ സുരക്ഷാ സാഹചര്യം പെട്ടെന്ന് വഷളായേക്കാമെന്നും, വിമാനങ്ങൾ റദ്ദാക്കൽ, വ്യോമാതിർത്തി അടയ്ക്കൽ, യാത്രാ തടസ്സങ്ങൾ എന്നിവയ്ക്ക് തയ്യാറായിരിക്കണമെന്നും എംബസി നിർദ്ദേശിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ മുൻപ് ഹൂതികൾ നടത്തിയ ആക്രമണങ്ങളും എംബസി ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യയിലേക്ക് യാത്ര ചെയ്യുന്നവരും അവിടെ നിന്ന് മടങ്ങുന്നവരും വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മുൻകൂട്ടി തയ്യാറെടുക്കണമെന്നും നിർദ്ദേശമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam