
ജുബ: കടുത്ത വേനലും ഉഷ്ണ തരംഗവും കാരണം വലയുകയാണ് പല രാജ്യങ്ങളും. താപനില 45 ഡിഗ്രിക്ക് മുകളിൽ ഉയരാൻ സാധ്യതയുണ്ടെന്നാണ് ദക്ഷിണ സുഡാനിലെ മുന്നറിയിപ്പ്. ഉഷ്ണ തരംഗത്തെ തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കുട്ടികളെ വീടിന് പുറത്തേക്ക് വിടരുതെന്ന് രക്ഷിതാക്കള്‍ക്ക് സർക്കാർ നിർദേശം നൽകി. ഉത്തരവ് ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. ഏതെങ്കിലും സ്‌കൂൾ തുറന്നാൽ രജിസ്‌ട്രേഷൻ പിൻവലിക്കുമെന്നാണ് താക്കീത്.
ദക്ഷിണ സുഡാനിൽ ഉഷ്ണ തരംഗം സാധാരണമാണ്. എന്നാൽ അപൂർവ്വമായി മാത്രമേ താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടാറുള്ളൂ. അടുത്ത രണ്ടാഴ്ച നീണ്ടുനില്‍ക്കുമെന്ന് കരുതുന്ന അത്യുഷ്ണ തരംഗത്തെ നേരിടാനുളള മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. സ്‌കൂളുകൾ എത്രനാൾ അടച്ചിടുമെന്ന് വ്യക്തമാക്കിയിട്ടില്ല. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം അപ്പപ്പോള്‍ വിവരം ജനങ്ങളെ അറിയിക്കുമെന്ന് മന്ത്രിമാർ പറഞ്ഞു.
ചൂടും വരൾച്ചയും മാത്രമല്ല വെള്ളപ്പൊക്കവും ആഭ്യന്തര സംഘർഷവുമെല്ലാം ചേർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന രാജ്യമാണിത്. അക്രമം, സാമ്പത്തിക അസ്ഥിരത, കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം മാനുഷിക പ്രതിസന്ധി അഭിമുഖീകരിക്കുന്നുവെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ജനുവരിയിൽ ദക്ഷിണ സുഡാനിൽ 8,18,000 പേർക്ക് ഭക്ഷണവും സാമ്പത്തിക സഹായവും എത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam