കൊറോണ (കൊവിഡ് 19) ഭീതി; ഫേസ്ബുക്ക് ആഗോള മാർക്കറ്റിംഗ് കോൺഫറൻസ് മാറ്റിവച്ചു

Web Desk   | Asianet News
Published : Feb 15, 2020, 10:13 AM ISTUpdated : Feb 15, 2020, 10:14 AM IST
കൊറോണ (കൊവിഡ് 19) ഭീതി; ഫേസ്ബുക്ക് ആഗോള മാർക്കറ്റിംഗ് കോൺഫറൻസ് മാറ്റിവച്ചു

Synopsis

ജീവനക്കാരുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്നും മുൻകരുതലെന്ന നിലയിലാണ് കോൺഫറൻസ് മാറ്റി വച്ചതെന്നും ഫേസ്ബുക്ക് പ്രസ്താവനയലൂടെ അറിയിച്ചു. 

സാൻഫ്രാൻസിസ്കോ: കൊറോണ വൈറസ് ( കൊവിഡ് 19) പടരുന്ന സാഹചര്യത്തിൽ ഫേസ്ബുക്ക് ഗ്ലോബൽ മാർക്കറ്റിംഗ് കോൺഫറൻസ് മാറ്റി വച്ചു. മാർച്ചിൽ സാൻഫ്രാൻസിസ്കോയിൽ നടക്കേണ്ടിയിരുന്ന മാർക്കറ്റിംഗ് കോൺഫ്രൻസിൽ 40,000 പേർ പങ്കെടുക്കേണ്ടതായിരുന്നു. ജീവനക്കാരുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്നും മുൻകരുതലെന്ന നിലയിലാണ് കോൺഫറൻസ് മാറ്റി വച്ചതെന്നും ഫേസ്ബുക്ക് പ്രസ്താവനയലൂടെ അറിയിച്ചു. 

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ബാഴ്സിലോണയില്‍ നടക്കാനിരുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസും നേരത്തെ റദ്ദാക്കിയിരുന്നു. ലോകത്തിലെ പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും വലിയ ഷോയായ ബാഴ്സിലോണയിലെ മൊബൈല്‍ കോണ്‍ഗ്രസ് ഫെബ്രുവരി 24 മുതല്‍ 27വരെയായിരുന്നു നടക്കേണ്ടിയിരുന്നത്. മൊബൈൽ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ സാങ്കേതിക വികാസങ്ങളും ഉൽപ്പന്നങ്ങളും പരിചയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമാണ് ലോക മൊബൈൽ കോൺഗ്രസ്. 

ചൈനയിൽ കൊറോണ (കൊവിഡ് 19) ബാധിച്ച് ഇന്നലെ മാത്രം മരിച്ചത് 143 പേരാണ്. ഇതോടെ കോറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1523 ആയി. ഈ സാഹചര്യത്തിൽ ബീജിംഗിൽ തിരികെയെത്തിയ എല്ലാവരോടും 14 ദിവസം വീട്ടിൽത്തന്നെ അടച്ചിരിക്കാൻ ചൈനീസ് ഭരണകൂടം ഉത്തരവിട്ടു. അതല്ലെങ്കിൽ സർക്കാർ തയ്യാറാക്കിയ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറണം. ഉത്തരവ് അനുസരിച്ചില്ലെങ്കിൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് ചൈനീസ് ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്. 

ബീജിംഗ് നഗരത്തിൽ മാത്രം രണ്ട് കോടി ജനങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. ചൈനയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പുതുവർഷാവധി കഴിഞ്ഞ് തിരികെയെത്തുന്നവരോടാണ് മുന്നറിയിപ്പ്. വുഹാൻ, ഹുബെയ് അടക്കമുള്ള പ്രവിശ്യകളിൽ രോഗം കാട്ടു തീ പോലെ പടരുമ്പോൾ സമാനമായ സ്ഥിതി രാജ്യതലസ്ഥാനത്ത് കൂടി ഉണ്ടാകാതിരിക്കാനാണ് ചൈനയുടെ മുന്നറിയിപ്പ്. പുതുവർഷാവധി രോഗം പടരുന്ന സാഹചര്യത്തിൽ നീട്ടി നൽകിയിട്ടുണ്ട്.

ഇതിനിടെ കോറോണ വൈറസ് ബാധ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും പടർന്നതായുള്ള റിപ്പോർട്ട് പുറത്ത് വന്നു. ഈജിപ്തിൽ ചികിത്സയിലുള്ള ഒരു രോഗിക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ആഫ്രിക്കൻ രാജ്യത്ത് കൊറോണവൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഈജിപ്ഷ്യൻ പൗരനല്ല, രാജ്യത്തേക്ക് സന്ദർശനത്തിന് എത്തിയ വിദേശിക്കാണ് രോഗബാധയുണ്ടായത് എന്നാണ് ഈജിപ്ഷ്യൻ ഭരണകൂടം വ്യക്തമാക്കുന്നത്. 

പുതുതായി ഇന്നലെ മാത്രം 2641 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ചൈനയിലൊട്ടാകെ രോഗം ബാധിച്ചവരുടെ എണ്ണം 66,492 ആയി. ചൈനയ്ക്ക് പുറത്ത് ഹോങ്‍കോങിലും ഫിലിപ്പീൻസിലും ജപ്പാനിലും കൊറോണ ബാധിച്ച് ഓരോ മരണവും റിപ്പോർട്ട് ചെയ്തിരുന്നു. 24 രാജ്യങ്ങളിലായി 500 പേർക്കാണ് ചൈനയ്ക്ക് പുറത്ത് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

കോവിഡ് - 19 എന്നാണ് ഇപ്പോൾ നോവൽ കൊറോണവൈറസ് ന്യുമോണിയ കൊണ്ടുള്ള രോഗബാധയ്ക്ക് ലോകാരോഗ്യസംഘടന നൽകിയിരിക്കുന്ന പേര്. ഈ ആഴ്ച തന്നെ, ഈ വൈറസ് എങ്ങനെയാണ് പടരുന്നതെന്നും, അതെങ്ങനെ തടയാമെന്നുമുള്ള അന്വേഷണം ലോകാരോഗ്യസംഘടനയുടെ സന്നദ്ധപ്രവർത്തകർ ചൈനയിൽ നേരിട്ടെത്തി നടത്തും. ലോകമെമ്പാടും നിന്നുള്ള ആരോഗ്യവിദഗ്ധരും ചൈനയിൽ നിന്നുള്ള ഡോക്ടർമാരും അടങ്ങുന്നതാണ് സംഘം. 24 പേരടങ്ങുന്ന സംഘം, എങ്ങനെയാണ് എല്ലാ മുൻകരുതലും എടുത്തിട്ടും 1700 ഓളം ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും രോഗം പടർന്നതെന്നും പരിശോധിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓസ്ട്രേലിയയിൽ ആളുകളെ കൂട്ടത്തോടെ വെടിവെച്ച് കൊലപ്പെടുത്തിയത് അച്ഛനും മകനുമെന്ന് റിപ്പോർട്ട്; മരണസംഖ്യ പതിനഞ്ചായി ഉയർന്നു
'തെരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ഇന്ത്യൻ മണ്ണ് ഉപയോ​ഗിക്കുന്നു'; ആരോപണവുമായി ബംഗ്ലാദേശ്, മറുപടി നൽകി ഇന്ത്യ