
ക്ലാഷ്മോര്‍: മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കടിച്ച് കീറി കൊന്ന് വളര്‍ത്തുനായ. അയര്‍ലന്‍ഡിലെ ക്ലാഷ്മോറിലാണ് സംഭവം. ഉറക്കി കിടത്തിയ കുഞ്ഞ് നിലവിളിക്കുന്നതായി സംശയം തോന്നി നോക്കിയ ബന്ധുവാണ് പെണ്‍കുഞ്ഞിന്‍റെ തലയ്ക്ക് കടിച്ച് കുടയുന്ന വളര്‍ത്തുനായയെ കണ്ടത്. മിയ കോണല്‍ എന്ന മൂന്ന് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ടെറിയര്‍ വിഭാഗത്തിലുള്ള നായ കടിച്ചുകീറി കൊന്നത്. എല്ലാ വുഡിനും പങ്കാളി റൈ കോണലിന്‍റെയും മകളാണ് അതിദാരുണമായി സ്വന്തം കിടപ്പുമുറിയില് കൊല്ലപ്പെട്ടത്. 2021 ജൂണ്‍ ആറിനായിരുന്നു നായ മിയയെ ആക്രമിച്ചത്.
വീട്ടുകാരുമായി ഏറെ അടുപ്പം സൂക്ഷിച്ച നായ പെട്ടന്ന് അക്രമകാരിയാവുമെന്ന് കരുതിയില്ലെന്നാണ് മിയയുടെ ബന്ധുക്കള്‍ പറയുന്നത്. ടെറിയര്‍ വിഭാഗത്തിലെ ചെറിയ നായയായിരുന്നു റെഡ്. വേട്ടനായ വിഭാഗത്തില്‍ പെടുന്നതാണ് ടെറിയര്‍ ഇനം നായകള്‍. എന്നാല്‍ റെഡ് വേട്ടയാടാന്‍ വിസമ്മതിച്ചതിന് പിന്നാലെയാണ് ആദ്യ ഉടമ റെഡിനെ ഉപേക്ഷിച്ചത്. എന്നാല്‍ മിയയുടെ മാതാപിതാക്കളോട് നായയെ വേട്ടയാടാന്‍ പരിശീലനം നല്‍കിയ കാര്യം മറച്ച് വച്ചായിരുന്നു കടയുടമ വില്‍പന നടത്തിയത്. എല്ല വുഡിന്‍റെ സഹോദരിയാണ് കുഞ്ഞിനെ കടിച്ച് കീറി നില്‍ക്കുന്ന നായയെ ആദ്യം കാണുന്നത്. കുഞ്ഞിന്‍റെ കിടക്കയിലും മുറിയിലും രക്തം തെറിച്ച നിലയിലായിരുന്നു. നിലത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു മിയ. കുഞ്ഞിന്‍റെ തലയ്ക്ക് പിന്നിലായിരുന്നു നായ കടിച്ച് കീറിയത്.
തലച്ചോറിന് സഭവിച്ച പരിക്കിനും അമിത രക്ത സ്രാവത്തേയും തുടര്‍ന്നായിരുന്നു മിയയുടെ മരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമാക്കുന്നത്. മിയയുടെ മുത്തച്ഛനായിരുന്നു നായയെ സംരക്ഷിച്ചിരുന്നത്. ഉപേക്ഷിക്കപ്പെട്ട നായയ്ക്ക് വീണ്ടും ഉടമകളെ കണ്ടെത്തി നല്‍കുന്ന സംഘടന വഴിയായിരുന്നു റെഡ് മിയയുടെ കുടുംബത്തിലെത്തിയത്. വീടിന് പുറത്തൊരുക്കിയ കൂട്ടിലായിരുന്നു നായയെ സംരക്ഷിച്ചിരുന്നത്. നായയെ ഒരിക്കലും വീടിനകത്ത് കയറാന്‍ അനുവദിക്കാറില്ലായിരുന്നുവെന്നും കൊല്ലപ്പെട്ട കുഞ്ഞിന്‍റെ അമ്മ പറയുന്നത്. എന്നാല്‍ സംഭവ ദിവസം നായ എങ്ങനെ അകത്ത് എത്തിയതെന്ന് അറിയില്ലെന്നാണ് കുടുംബം വിശദമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്‍റെ മരണത്തിലെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam