ആയുധധാരികളെ ഉപയോഗിച്ച് റഷ്യയില്‍ കന്യാസ്ത്രീ മഠം പിടിച്ചെടുത്ത് വിവാദ വൈദികൻ

Web Desk   | others
Published : Jun 19, 2020, 05:36 PM IST
ആയുധധാരികളെ ഉപയോഗിച്ച്  റഷ്യയില്‍ കന്യാസ്ത്രീ  മഠം പിടിച്ചെടുത്ത് വിവാദ വൈദികൻ

Synopsis

ഏപ്രില്‍ മാസത്തില്‍ കൊവിഡ് 19 ന്‍റെ വ്യാപനത്തിന് പിന്നാലെ ഇത്തരമൊരു വൈറസില്ലെന്നും നിയന്ത്രണങ്ങള്‍ പാലിക്കരുതെന്നും വിശ്വാസികളോട് ആവശ്യപ്പെട്ട വൈദികനെ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു.   

മോസ്കോ: കൊറോണ വൈറസ് ഇല്ലെന്ന് പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വിശ്വാസികളെ നിരുല്‍സാഹപ്പെടുത്തിയ വൈദികന്‍ കന്യാസ്ത്രീ  മഠം പിടിച്ചെടുത്തു. റഷ്യയിലെ ഉറല്‍സ് മേഖലയിലെ കന്യാസ്ത്രീ മഠമാണ്  കൊസാക്ക് ഫൈറ്റേഴ്സ് എന്ന പ്രാദേശിക സംഘടനയുടെ പിന്‍ബലത്തോടെ വൈദികനായ സെര്‍ജി റൊമാനോവ് പിടിച്ചെടുത്തത്. ഏപ്രില്‍ മാസത്തില്‍ കൊവിഡ് 19 ന്‍റെ വ്യാപനത്തിന് പിന്നാലെ ഇത്തരമൊരു വൈറസില്ലെന്നും നിയന്ത്രണങ്ങള്‍ പാലിക്കരുതെന്നും വിശ്വാസികളോട് ആവശ്യപ്പെട്ട വൈദികനെ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. 

മഹാമാരി വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി ദേവാലയങ്ങള്‍ ആരാധന നടത്താതെ അടച്ചിട്ടതില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് സെര്‍ജി റൊമാനോവിനെ പുറത്താക്കിയത്. മഠങ്ങളുടെ സംരക്ഷകരെന്ന അവകാശപ്പെടുന്ന ആയുധമേന്തിയ കൊസാക്ക് ഫൈറ്റേഴ്സിന്‍റെ സഹായത്തോടെയാണ് സെര്‍ജി റൊമാനോവ് പിടിച്ചെടുത്തത്. യെക്കാറ്റെറിന്‍ബര്‍ഗിന് സമീപമുള്ള ശ്രേഡ്നുഉറാല്‍സ് കോണ്‍വെന്‍റാണ് പിടിച്ചെടുത്തിട്ടുള്ളത്. കോണ്‍വെന്‍റിലുണ്ടായിരുന്ന കന്യാസ്ത്രീകള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ചയാണ് സെര്‍ജി റോമാനോവിന്‍റെ നേതൃത്വത്തിലുള്ള സംഘം മഠത്തിലെത്തിയത്. 

ബലം പ്രയോഗിച്ച് അക്രമത്തിലൂടെയല്ലാതെ കോണ്‍വെന്‍റില്‍ നിന്ന് മാറില്ലെന്ന് സെര്‍ജി റൊമാനോവ് ഇതിനോടകം സഭയെ അറിയിച്ചുകഴിഞ്ഞതായാണ് വിവരം. ബുധനാഴ്ച സംഭവ സ്ഥലം പൊലീസ് സന്ദര്‍ശനം നടത്തിയെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പൊതുജനാരോഗ്യത്തിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുകയും അത് മറികടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത് സെര്‍ജി റൊമാനോവിനെ വൈദികവൃത്തിയില്‍ നിന്ന് ഏപ്രിലില്‍ നീക്കിയതിന് പിന്നാലെ ഔദ്യോഗിക ചിഹ്നമായ കുരിശ് ധരിക്കുന്നതിനും സഭ വിലക്കിയിരുന്നു. 

ശ്രേഡ്നുഉറാല്‍സ് കന്യാസ്ത്രീമഠം 2000ത്തില്‍ സ്ഥാപിച്ചത് സെര്‍ജി റൊമാനോവ് ആണ്. അദ്ദേഹത്തിന്‍റെ വേദവാക്യങ്ങള്‍ ശ്രവിക്കാന്‍ നൂറ് കണക്കിന് ആളുകള്‍ നെരത്തെയെത്തിയിരുന്ന ഇടം കൂടിയാണ് ഈ കോണ്‍വെന്‍റ്.  ഏപ്രില്‍ 13നാണ് റഷ്യയിലെ ദേവാലയങ്ങള്‍ കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് അടച്ചത്. വ്യാഴാഴ്ച ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ 7790 പുതിയ കൊവിഡ് 19 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തെ മുഴുവന്‍ രോഗികളുടെ എണ്ണം 561091 ആയി. 7660 പേരാണ് ഇതിനോടകം കൊവിഡ് 19 ബാധിച്ച് റഷ്യയില്‍ മരിച്ചിട്ടുള്ളത്. 

കൊവിഡ് 19 മഹാമാരി കൃത്രിമമാണ് എന്നാണ് ഈ വൈദികന്‍ വാദിക്കുന്നത്. ക്രിസ്തുവിനെതിരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് സഭ ഇപ്പോള്‍ നിലകൊള്ളുന്നതെന്നും സെര്‍ജി റൊമാനോവ് ആരോപിക്കുന്നത്. വൈദികന്‍റെ പദവി സംബന്ധിച്ച് തീരുമാനിക്കുന്നതിനായി കൂടിച്ചേര്‍ന്ന ഓര്‍ത്തഡോക്സ് സഭാ സമ്മേളനത്തില്‍ തന്‍റെ മനസാക്ഷിക്ക് തെറ്റുപറ്റിയിട്ടില്ലെന്നാണ് സെര്‍ജി റൊമാനോവ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയായിരുന്നു കോണ്‍വെന്‍റിലെ അതിക്രമിച്ച് കയറല്‍. സഭ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും പക്ഷേ താന്‍ അനുഗ്രഹീത പ്രഭാഷകന്‍ ആണെന്നുമാണ് നൊവായാ ഗസറ്റെ എന്ന മാധ്യമത്തോട് സെര്‍ജി റൊമാനോവ് പ്രതികരിച്ചത്. വൈദികനെതിരായ തുടര്‍ നടപടികള്‍ ജൂണ്‍ 26ന് തീരുമാനിക്കാനിരിക്കെയാണ് കോണ്‍വെന്‍റ്  സെര്‍ജി കയ്യടക്കിയത്. 

നേരത്തെ പൊലീസുകാരനായിരുന്ന സെര്‍ജി റൊമാനോവ് കൊലപാതകക്കേസില്‍ 13 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1990ന്‍റെ അവസാനത്തോടെയാണ് സെര്‍ജി ജയില്‍ മോചിതനായത്. എന്നാല്‍ വൈദികന്‍റെ അനുഭാവികള്‍ ഇത് അംഗീകരിക്കാന്‍ തയ്യാറല്ല. സാര്‍ നിക്കോളാസ് രണ്ടാമന്‍റെ ബഹുമാനാര്‍ത്ഥം സെര്ജി തന്‍റെ പേര് നിക്കോളെയ് റൊമാനോവ് എന്നാക്കിയിരുന്നു. രഹസ്യമായി സാര്‍ ചക്രവര്‍ത്തിയെ ആരാധിക്കുന്ന സെക്ടുകളിലും ഭാഗമാണ് ഈ വൈദികന്‍ എന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ട്. ഇതിന് മുന്‍പും നിരവധി വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുള്ളയാളാണ് സെര്‍ജി. ഗാര്‍ഹിക പീഡനത്തിനെതിരായ നിയമത്തെ രൂക്ഷമായി വിമര്‍ശിച്ച വ്യക്തി കൂടിയാണ് സെര്‍ജി റൊമാനോവ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അതിപ്പോഴും ഹിമാലയത്തിൽ എവിടെയോ ഉണ്ട്! 60 വർഷം മുമ്പ് സിഐഎ വിട്ടുപോയ ആണവ ഉപകരണം, അകത്ത് നാഗസാക്കിയയിൽ പ്രയോഗിച്ച പ്ലൂട്ടോണിയത്തിന്റെ മൂന്നിലൊന്ന്
സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ