
ധാക്ക: പുറപ്പെടാൻ തുടങ്ങിയ ട്രെയിനിൽ നിന്ന് ഇറങ്ങാനുള്ള ശ്രമത്തിനിടെ പാളത്തിലേക്ക് വീണ് പിഞ്ചുകുഞ്ഞ്. ഓടുന്ന ട്രെയിനിന് അടിയിൽ പിഞ്ചുകുഞ്ഞിനെ നെഞ്ചത്ത് ചേർത്ത് പിടിച്ച് പിതാവ്. ബംഗ്ലാദേശിലാണ് അച്ഛന്റെ ശ്രദ്ധ ഒരു നിമിഷം മാറിയതോടെ പിഞ്ചുകുഞ്ഞ് ട്രെയിൻ പാളത്തിൽ വീണുപോയത്. ലോക്കൽ ട്രെയിനിലാണ് ആ പിതാവും കുഞ്ഞും ഉൾപ്പെട്ട കുടുംബം യാത്ര ചെയ്തിരുന്നത്. ട്രെയിൻ ഏകദേശം ഒന്നര മണിക്കൂർ വൈകിയാണ് സ്റ്റേഷനിലെത്തിയത്. ട്രെയിൻ സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയ ശേഷമാണ് കുടുംബം പുറത്തിറങ്ങാൻ ശ്രമിച്ചത്. ഈ തിരക്കിനിടയിൽ പിതാവിന്റെ കൈയിൽ നിന്നും കുട്ടി അബദ്ധത്തിൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. പ്ലാറ്റ്‌ഫോമിനും ഓടിക്കൊണ്ടിരുന്ന ട്രെയിനിനും ഇടയിലുള്ള ഇടുങ്ങിയ വിടവിലൂടെ കുട്ടി നേരെ റെയിൽവേ പാളത്തിലേക്കാണ് വീണത്.
കുട്ടി പാളത്തിൽ വീണത് കണ്ട പിതാവ് ഒരു നിമിഷം പോലും പാഴാക്കാതെ ഓടുന്ന ട്രെയിനിനടിയിലേക്ക് എടുത്തുചാടുകയായിരുന്നു. കുഞ്ഞിനെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് അച്ഛൻ പാളത്തിൽ കിടന്നു. മുകളിലൂടെ ട്രെയിൻ വലിയ വേഗതയിൽ കടന്നുപോകുമ്പോൾ പരിഭ്രമിച്ച കുട്ടി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും, പിതാവ് കുഞ്ഞിനെ അനങ്ങാൻ അനുവദിക്കാതെ മുറുകെ പിടിച്ചു. ട്രെയിൻ പൂർണ്ണമായും കടന്നുപോകുന്നത് വരെ അദ്ദേഹം കുഞ്ഞിന് ഒരു കവചമായി അവിടെ നിലകൊണ്ടു.
ട്രെയിൻ കടന്നുപോയ ഉടൻ തന്നെ റെയിൽവേ ജീവനക്കാരും മറ്റ് യാത്രക്കാരും ഓടിയെത്തി ഇരുവരേയും പുറത്തെടുത്തു. അത്ഭുതകരമെന്നു പറയട്ടെ, നിസാരമായ പരിക്കുകളോടെ ഇരുവരും രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. സ്വന്തം ജീവൻ പോലും നോക്കാതെ കുഞ്ഞിനെ രക്ഷിച്ച ആ പിതാവിനെ 'യഥാർത്ഥ ഹീറോ' എന്നാണ് നെറ്റിസൺസ് വിശേഷിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam