
റബാത്ത്: മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ സഹ്റ അൽ മൻസൂരി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഫാത്തിമയുടെ പാർട്ടി ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയതോടെയാണ് മുഹമ്മദ് രാജാവ് അവരെ പ്രധാനമന്ത്രിയായി നിയമിച്ചത്. അതേസമയം, ഫാത്തിമയുടെ പിഎഎം പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ 97 സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. ആകെ 395 സീറ്റുകളുള്ള സഭയിൽ 198 സീറ്റിന്റെ ഭൂരിപക്ഷമാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. മറ്റുപാർട്ടികളെയും കൂട്ടി സഖ്യസർക്കാരുണ്ടാക്കുക എന്നതാണ് പുതിയ പ്രധാനമന്ത്രിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഓതന്റിസിറ്റി ആൻഡ് മോഡേണിറ്റി പാർട്ടി(പിഎഎം)യുടെ നേതാവും അഭിഭാഷകയുമാണ് 50-കാരിയായ ഫാത്തിമ സഹ്റ. മൊറോക്കോയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാകുന്ന ഫാത്തിമ, അറബ് ലോകത്ത് പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയെന്ന നേട്ടവും സ്വന്തമാക്കി. ട്യുണീഷ്യയിലെ മുൻ പ്രധാനമന്ത്രിയായ നജ്ല ബൗദനും നിലവിലെ പ്രധാനമന്ത്രിയായ സാറാ സാഫ്റാനിയുമാണ് അറബ് രാജ്യങ്ങളിൽ ഇതിന് മുൻപ് പ്രധാനമന്ത്രികളായ വനിതകൾ. ഈ നിരയിലേക്കാണ് ഫാത്തിമയും എത്തുന്നത്.
റബാത്തിൽനിന്ന് നിയമപഠനം പൂർത്തിയാക്കിയ ഫാത്തിമ സഹ്റ, ഫ്രാൻസിലും യുഎസിലുമായാണ് ബിസിനസ്, കോർപ്പറേറ്റ് ലോയിൽ ഉപരിപഠനം നടത്തിയത്. പിന്നീട് നാട്ടിൽ തിരിച്ചെത്തി പ്രാദേശികമായി രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായി. 2009 മാരക്കേഷിലെ ആദ്യ വനിതാ മേയറായി. 2021-ലും നഗരത്തിന്റെ മേയർ പദവി വഹിച്ചു. 2021 ഒക്ടോബർ രാജ്യത്തിന്റെ മന്ത്രിസഭയിൽ അംഗമായി. നഗരവികസന, ഹൗസിങ് വകുപ്പുകളാണ് കൈകാര്യംചെയ്തത്. 2023-ൽ അൽ ഹൗസിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ വീട് നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസപ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചു. 2024-ഓടെ പിഎഎം പാർട്ടിയുടെ നേതൃനിരയിലെത്തി.
രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ ചരിത്രപരമായ മുഹൂർത്തമെന്നാണ് ഫാത്തിമ വിശേഷിപ്പിച്ചത്. ഇത് തനിക്ക് മാത്രമല്ല, മൊറോക്കൻ വനിതകൾക്കെല്ലാം അഭിമാനം നൽകുന്നതാണെന്നും അവർ പ്രതികരിച്ചു.
അതേസമയം, കൂട്ടുകക്ഷി സർക്കാരുണ്ടാക്കുക എന്നതാണ് ഫാത്തിമ സഹ്റയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. എന്നാൽ, കൂട്ടുകക്ഷി സർക്കാരുണ്ടാക്കുന്നതിൽ പ്രതിസന്ധികളില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പാർട്ടികളുമായി നല്ലരീതിയിൽ ചർച്ച നടക്കുന്നുണ്ടെന്നും ഫാത്തിമ പ്രതികരിച്ചു. 2030-ൽ ഫിഫ ലോകകപ്പിന് ആതിഥ്വം വഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് മൊറോക്കോ. പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പമാണ് മൊറോക്കോയും ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള സാമ്പത്തിക, വികസന പ്രവർത്തനങ്ങളാകും സർക്കാരിന്റെ മുന്നിലുള്ള പ്രധാനവിഷയം. ലോകകപ്പിന്റെ ഭാഗമായി ബില്യൺ കണക്കിന് ഡോളറിന്റെ നിക്ഷേപം രാജ്യത്തേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam