ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണ ശ്രമങ്ങൾ പ്രതിരോധ സേന വിജയകരമായി തകർത്തു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഈ നീക്കങ്ങളെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഗൾഫ് രാജ്യങ്ങളുമായി ചേർന്ന് പ്രതിരോധം ശക്തമാക്കുമെന്നും ഇറാനാണ് ഇതിന്റെ ഉത്തരവാദിയെന്നും മുന്നറിയിപ്പ് നൽകി.

മനാമ: ബഹ്‌റൈന് നേരെ ഇറാന്‍റെ വ്യോമാക്രമണ ശ്രമം. ആക്രമണ ശ്രമങ്ങൾ രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തകർത്തു. ഞായറാഴ്ച ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിന് മുൻപേ തന്നെ ആക്രമണങ്ങൾ ആകാശത്തുവെച്ച് നിർവീര്യമാക്കിയതായി ബഹ്‌റൈൻ പ്രതിരോധ സേന അറിയിച്ചു.

രാജ്യത്തിന് നേരെ ഇറാൻ തുടരുന്ന ശത്രുതാപരമായ നീക്കങ്ങളുടെ ഭാഗമാണിതെന്ന് പ്രതിരോധ സേനയുടെ ജനറൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി. അതീവ ജാഗ്രതയിലായിരുന്ന സൈന്യമാണ് ആക്രമണത്തെ പ്രതിരോധിച്ചത്. രാജ്യത്തെ സംരക്ഷിക്കാൻ സൈന്യത്തിന്‍റെ എല്ലാ വിഭാഗങ്ങളും പൂർണ്ണ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.

ഞായറാഴ്ചത്തെ ഡ്രോൺ ആക്രമണത്തെ അപലപിച്ച ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം, കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയും സമാനമായ ആക്രമണ ശ്രമമുണ്ടായതായി വെളിപ്പെടുത്തി. അന്ന് ബഹ്‌റൈൻ വ്യോമാതിർത്തിയിൽ വെച്ച് രണ്ട് ഡ്രോണുകൾ പ്രതിരോധ സേന വെടിവെച്ചിട്ടിരുന്നു. ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പരസ്യമായി ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഐആർജിസിയുടെ അടിസ്ഥാനരഹിതമായ ന്യായീകരണങ്ങളും വ്യാജ അവകാശവാദങ്ങളും തള്ളിക്കളയുന്നു. മറ്റൊരു രാജ്യത്തിന്‍റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ലംഘിക്കുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇത്തരം ആക്രമണങ്ങൾ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളെ തകർക്കുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര കടലിടുക്കുകളിലൂടെയുള്ള കപ്പൽ, വ്യോമ ഗതാഗത സ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമപ്രകാരം ഉറപ്പുനൽകപ്പെട്ടിട്ടുള്ളതാണ്. അത് ഏതെങ്കിലും ഒരു രാജ്യത്തിന്റെ താല്പര്യങ്ങൾക്കോ വ്യവസ്ഥകൾക്കോ വിധേയമാക്കാൻ കഴിയില്ല.

തങ്ങളുടെ മണ്ണ് 'കണക്കുതീർക്കാനുള്ള വേദിയാക്കാൻ' അനുവദിക്കില്ലെന്ന് ബഹ്‌റൈൻ വ്യക്തമാക്കി. ഏതെങ്കിലും ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം എല്ലാവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുന്ന ജിസിസി സംയുക്ത പ്രതിരോധ കരാർ പ്രകാരം മറ്റ് ഗൾഫ് രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ബഹ്‌റൈൻ കൂട്ടിച്ചേർത്തു. ആക്രമണങ്ങളുടെയും അതിന്‍റെ പ്രത്യാഘാതങ്ങളുടെയും പൂർണ്ണ ഉത്തരവാദിത്തം ഇറാനായിരിക്കുമെന്ന് വ്യക്തമാക്കിയ ബഹ്‌റൈൻ രാജ്യത്തെ സംരക്ഷിക്കുന്നതിൽ ജാഗ്രതയോടെ പ്രവർത്തിച്ച പ്രതിരോധ സേനയെ അഭിനന്ദിക്കുകയും ചെയ്തു.