
ന്യൂയോർക്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുകയെന്നതാണ് ഓരോ നവംബർ 25 ൻ്റെയും ഓർമപ്പെടുത്തൽ. ഈ ദിനത്തിലാണ് സ്ത്രീകളുടെയും പെൺകുട്ടികളുടെയും കൊലപാതകവുമായി ബന്ധപ്പെട്ട ഗുരുതര കണ്ടെത്തലുകളുള്ള പഠന റിപ്പോർട്ട് യുഎൻ പുറത്തുവിടുന്നത്. 2024 ൽ ലോകമെമ്പാടുമുള്ള 50000 സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവനെടുത്തത് ഉറ്റവരാണെന്ന് സമർത്ഥിക്കുകയാണ് ഈ റിപ്പോർട്ട്. യുഎൻ വിമൻ, യുഎൻ ഓഫീസ് ഓൺ ഡ്രഗ്‌സ് ആൻ്റ് ക്രൈംസും ചേർന്ന് നടത്തിയ പഠനത്തിലേതാണ് കണ്ടെത്തൽ.
കഴിഞ്ഞ വർഷം 83,000 സ്ത്രീകളും പെൺകുട്ടികളും ലോകത്താകെ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട് പറയുന്നു. ഇവരിൽ 60 ശതമാനത്തോളം വരുന്ന (50,000) സ്ത്രീകളെയും പെൺകുട്ടികളെയും വധിച്ചത് പങ്കാളിയോ, അല്ലെങ്കിൽ കുടുംബാംഗമോ ആണെന്ന് പഠനത്തിൽ കണ്ടെത്തി. ഓരോ പത്ത് മിനിറ്റിലും ഒരു സ്ത്രീ ഉറ്റവരാൽ കൊല്ലപ്പെടുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. പ്രതിദിനം ശരാശരി 137 സ്ത്രീകൾ ലോകത്താകെ കൊല്ലപ്പെടുന്നുണ്ട്. അതേസമയം ലോകത്താകെ കൊല്ലപ്പെടുന്ന പുരുഷന്മാരിൽ 11 ശതമാനം മാത്രമാണ് ഉറ്റവരാൽ കൊല്ലപ്പെടുന്നതെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ആഫ്രിക്കയിലാണ് ഇത് ഏറ്റവും കൂടുതൽ. ലക്ഷം സ്ത്രീകളിൽ മൂന്ന് പേർ ഇവിടെ ഉറ്റവരാൽ കൊല്ലപ്പെട്ടു. അമേരിക്ക(1.5), ഓഷ്യാനിയ (1.4), ഏഷ്യ (0.7), യൂറോപ്പ് (0.5) എന്നിങ്ങനെയാണ് ലക്ഷം സ്ത്രീകളിൽ ഉറ്റബന്ധുക്കൾ കൊലപ്പെടുത്തുന്നവരുടെ കണക്ക്. 2023 ൽ 51100 പേരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ 2024 ൽ കൊലപാതകങ്ങൾ കുറഞ്ഞെന്ന് ഇതിൽ നിന്ന് അർത്ഥമാക്കാനാവില്ലെന്ന് യുഎൻ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് സംബന്ധിച്ച് വിശദീകരിക്കാൻ യുഎൻ സംഘം ഇന്ന് ന്യൂയോർക്കിൽ മാധ്യമപ്രവർത്തകരെ കാണും.