
ടെഹ്റാൻ: വിശ്വ വിഖ്യാത ചലച്ചിത്രകാരൻ ജാഫർ പനാഹിക്ക് ഇറാനിൽ ജയിൽ ശിക്ഷ. ഇദ്ദേഹത്തിൻ്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാനും രാജ്യം വിടുന്നതിൽ നിന്ന് രണ്ട് വർഷത്തേക്ക് വിലക്കാനും സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ തടയാനും ഇറാനിലെ റെവല്യൂഷണറി കോടതി വിധിച്ചു. ശിക്ഷിക്കാനുണ്ടായ കുറ്റങ്ങൾ പരാമർശിക്കാതെയാണ് ഔദ്യോഗിക മാധ്യമം വഴി ശിക്ഷാവിധിയെ കുറിച്ചുള്ള വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
2025 ലെ കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്‌കാരം നേടിയ സംവിധായകനാണ് ജാഫർ പനാഹി. "ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റ്" എന്ന ചിത്രമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. സിനിമകളുമായി ബന്ധപ്പെട്ട് മുൻപും ഇറാനിൽ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് ഇദ്ദേഹം. അതേസമയം ജാഫർ പനാഹിയുടെ അസാന്നിധ്യത്തിലാണ് ശിക്ഷാവിധി പുറപ്പെടുവിച്ചതെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ അറിയിച്ചു. ബാങ്ക് അക്കൗണ്ടുകൾ പെട്ടെന്ന് മരവിപ്പിച്ചതറിഞ്ഞ് കോടതിയിൽ അന്വേഷിച്ചപ്പോഴാണ് ശിക്ഷയെ കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിൻ്റെ കണ്ണിലെ കരടാണ് ഇദ്ദേഹം. 2022-ൽ ചലച്ചിത്ര പ്രവർത്തകരുടെ പ്രതിഷേധത്തിൽ പങ്കെടുത്തതിന് മാസങ്ങളോളം തടവിലാക്കപ്പെട്ട അദ്ദേഹത്തിന് 2023 ലാണ് കോടതി വിലക്കുകൾ നീക്കി നൽകിയത്. പലപ്പോഴായി ഭരണകൂടവുമായി ഏറ്റുമുട്ടിയെങ്കിലും ചലച്ചിത്ര പ്രവർത്തനത്തിൽ നിന്ന് അദ്ദേഹം പിൻവാങ്ങിയിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam