ബ്രസീലിലെ പൊതുതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രതിപക്ഷ നേതാവ് ഫ്ലാവിയോ ബൊൽസനാരോ സുപ്രീം കോടതി വിലക്ക് ലംഘിച്ച് രാജ്യം വിട്ടു. അർജൻ്റീനയും ഇക്വഡോറും കടന്ന് അദ്ദേഹം കുടുംബസമേതം അമേരിക്കയിലേക്ക് കടക്കുകയാണ്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രത്യേക ഇടപെടലിലൂടെയാണ് ഈ പലായനമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റിയോ ഡി ജനീറോ: പൊതുതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബ്രസീലിലെ പ്രതിപക്ഷ നേതാവ് ഫ്ലാവിയോ ബൊൽസനാരോ അമേരിക്കയിലേക്ക് പോയി. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നിർദേശപ്രകാരമാണ് ഇദ്ദേഹം കുടുംബസമേതം ബ്രസീൽ വിട്ടത്. ഇവരുടെ വിമാനം മിയാമി വിമാനത്താവളത്തിൽ ലാൻഡ് ചെയ്താലുടൻ എൻട്രി വിസ നൽകുമെന്ന് ട്രംപ് ഉറപ്പുനൽകിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ കരുത്തനായ നേതാവും പ്രസിഡൻ്റുമായ ലുല ഡിസിൽവയോട് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അദ്ദേഹം ബ്രസീൽ സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് രാജ്യം വിട്ടത്. പാസ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ട ബ്രസീൽ സുപ്രീം കോടതി ഇദ്ദേഹത്തോട് രാജ്യം വിടരുതെന്നും പറഞ്ഞിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായതിന് പിന്നാലെ ബ്രസീലിയയിലെ വീട്ടിൽ നിന്നും 19 മണിക്കൂർ റോഡ് മാർഗം യാത്ര ചെയ്ത്, ഇദ്ദേഹം കുടുംബത്തോടൊപ്പം ടാൻക്രഡോ നെവെസ് അന്താരാഷ്ട്ര ബ്രിഡ്‌ജിലൂടെ അർജൻ്റീനയിലേക്ക് കടക്കുകയായിരുന്നു. എന്നാൽ ഇവർ എത്തിയ കാര്യം അർജൻ്റീന പുറത്തുവിട്ടില്ല. ഇവിടെ നിന്ന് ഇക്വഡോറിലേക്ക് പോയ സംഘം പിന്നീട് യുഎസിലെ മിയാമിയിലേക്കുള്ള വിമാനത്തിൽ കയറി. സംഘം ഇക്വഡോറിലേക്ക് എത്തിയതെങ്ങനെയെന്നതും ഇതുവരെ വ്യക്തമായിട്ടില്ല. ബ്രസീലിൽ ഇദ്ദേഹം എവിടെയെന്ന് അറിയാതെ പൊലീസും മാധ്യമപ്രവർത്തകരും അന്വേഷണം തുടരുന്നതിനിടെയാണ് കുടുംബസമേതം യുഎസിലേക്ക് പോകുന്നെന്ന വാർത്ത പുറത്തുവന്നത്.

ബ്രസീലിലെ തീവ്ര വലതുപക്ഷ പാർട്ടിയെ നയിച്ച മുൻ പ്രസിഡൻ്റ് ജെയ്ർ ബോൽസനാരോയുടെ മകനാണ് ഫ്ലാവിയോ ബൊൽസനാരോ. 2022 ൽ ലുല ഡിസൽവ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തോൽവി സമ്മതിക്കാൻ വിസമ്മതിച്ച ജെയ്ർ ബൊൽസനാരോ അന്ന് ജോ ബൈഡൻ സർക്കാരിൻ്റെ സഹായത്തോടെ അമേരിക്കയിലേക്ക് പോയിരുന്നു. പിന്നീട് തിരിച്ച് ബ്രസീലിലെത്തിയ ഇദ്ദേഹം ഇപ്പോൾ ജയിലിലാണ്. ബ്രസീലിൽ തിരിച്ചെത്തിയ ശേഷം തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി നടന്നെന്ന് ആരോപിച്ച് നടന്ന പ്രതിഷേധവും അക്രമവുമാണ് കാരണം. 27 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ജെയ്ർ ബൊൽസനാരോയ്ക്ക് പകരക്കാരനായാണ് ഫ്ലാവിയോ ബൊൽസനാരോ ഇത്തവണ പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ നയിച്ചത്. ഞായറാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബോൾസോനാരോക്ക് യുഎസിൻ്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു. ജയപ്രതീക്ഷയോടെയാണ് ബോൽസനാരോ മത്സരിച്ചതെങ്കിലും ഫലം വന്നപ്പോൾ നിലവിലെ പ്രസിഡൻ്റായ ലുല ഡിസിൽവയാണ് ജയിച്ചത്.