
ടെഹ്റാൻ: പശ്ചിമേഷ്യ യുദ്ധഭീതിയിൽ തുടരുന്നതിനിടെ ഇറാനിലെ ആണവ നിലയത്തിൽ വൻ പുകപടലം ഉയർന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് കരാജ് ആണവ നിലയത്തിൽ നിന്ന് പുക ഉയർന്നത്. ആണവ നിലയത്തിൽ തീപിടുത്തമുണ്ടായതായി ഇറാനിലെ ഒരു പ്രതിപക്ഷ ഗ്രൂപ്പ് അറിയിച്ചിരുന്നു. ഇസ്രായേൽ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുക ഉയരാനുള്ള കാരണവും ആളപായ സാധ്യതയും സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, 2022ൽ കരാജ് ആണവ നിലയത്തിന് നേരെ ആക്രമണം നടന്നിരുന്നു. അന്ന് ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാൻ ആരോപിച്ചിരുന്നു. ഇപ്പോൾ വീണ്ടും ഇതേ ആണവ നിലയത്തിൽ പുക പടലങ്ങൾ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക ഉയരുകയാണ്. നേരത്തെ, ഇറാൻ ആണവായുധം പരീക്ഷിച്ചെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 5ന് ഇറാനിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
സെംനാൻ പ്രവിശ്യയിലാണ് 10 മുതൽ 15 വരെ മീറ്റർ താഴ്ചയിൽ ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂകമ്പം ഉണ്ടായ മേഖലയിൽ നിന്ന് 100 കിലോ മീറ്ററിലധികം അകലെയുള്ള ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാനിൽ പോലും പ്രകമ്പനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇറാന്റെ ആണവ നിലയം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നിന്ന് ഏകദേശം 10 കിലോ മീറ്റർ മാത്രം അകലെയാണ് ഈ ഭൂകമ്പമുണ്ടായത് എന്നതാണ് ആണവായുധ പരീക്ഷണമെന്ന സംശയം ബലപ്പെടുത്തിയത്.
READ MORE: റഷ്യയ്ക്ക് വേണ്ടി കളത്തിലിറങ്ങാൻ ഉത്തര കൊറിയൻ സൈനികരെത്തി? യുക്രൈനെ സഹായിക്കുമെന്ന് ദക്ഷിണ കൊറിയ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam