Omicron Death : ഒമിക്രോണ്‍ വൈറസ് ബാധിച്ച് യുകെയില്‍ ആദ്യ മരണം; സ്ഥിരീകരിച്ച് ബോറിസ് ജോണ്‍സണ്‍

By Web TeamFirst Published Dec 13, 2021, 6:10 PM IST
Highlights

ഒമിക്രോണ്‍ വകഭേദത്തെ അതിജീവിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. എല്ലാവരും വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു

ലണ്ടന്‍: കൊറോണ വൈറസിന്റെ(Corona Virus) പുതിയ വകഭേദമായ ഒമിക്രോൺ(Omicron) ബാധിച്ച് യുകെയിൽ(UK) ആദ്യ മരണം റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍(Boris Johnson) മരണം സ്ഥിരീകരിച്ചു. ഒമിക്രോണ്‍ ബാധിച്ച് നിരവധി പേര്‍  ആശുപത്രിയില്‍ കഴിയുന്നുണ്ട്. അതില്‍ ഒരാള്‍ മരണപ്പെട്ടു, അത് നിര്‍ഭാഗ്യകരമാണെന്ന് ബോറിസ് ജോൺസണ്‍ പറഞ്ഞു.

ഒമിക്രോണ്‍ വകഭേദത്തെ അതിജീവിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. എല്ലാവരും വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. ലണ്ടനിലെ കൊറോണ വൈറസ് കേസുകളിൽ 40 ശതമാനവും ഇപ്പോൾ ഒമിക്രോണ്‍ വകഭേതമാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്  യുകെയില്‍ ഒമിക്രോണ്‍ വ്യാപനം വളരെ കൂടുതലാണ്. അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എല്ലാ മുതിര്‍ന്ന പൌരന്മാര്‍ക്കും ഡിസംബർ മാസം അവസാനത്തോടെ ബൂസ്റ്റർ ഡോസുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ കൂടുതൽ കൊവിഡ് കേസുകൾ കണ്ടെത്തുന്ന സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. നെടുമ്പാശ്ശേരിയിൽ മാത്രം ഹൈറിസ്ക് കാറ്റഗറി രാജ്യങ്ങളിൽ നിന്ന് വന്ന 4408 പേരുണ്ട്. നെടുമ്പാശ്ശേരി വഴി വന്ന 10 പേരാണ് ഇന്നലെയും ഇന്നുമായി കൊവിഡ് പോസിറ്റീവായത്. ഇവരുടെയെല്ലാം ജീനോം പരിശോധന നടത്തിയതിൽ രണ്ട് പേരുടെ ജീനോം ഫലം കിട്ടി. ഇതിൽ ഒരാൾ പോസിറ്റിവും ഒരാൾ നെഗറ്റീവുമാണ്. ഇനിയും എട്ട് പേരുടെ ഫലം വരാനുണ്ട്. 

നെടുമ്പാശ്ശേരിയിൽ കൊവിഡ് പരിശോധനാ സൗകര്യങ്ങൾ കൂട്ടിയെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. ജില്ലാ കളക്ടറും ഡിഎംഒയും അടക്കമുള്ളവർ പങ്കെടുത്ത ഉന്നതതലയോഗത്തിന് ശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്. എറണാകുളത്ത് ഇന്നലെ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. വിമാനത്താവളത്തിൽ കൊവിഡ് പരിശോധന ഇനി കർശനമാകും. കൊവിഡ് പരിശോധന നടത്തി ഫലം വന്ന ശേഷം മാത്രമേ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാർക്ക് പുറത്തിറങ്ങാനാകൂ. 

click me!