പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെ നടന്ന ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 170 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷിയാ മുസ്ലീം പള്ളിയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ടെലിഗ്രാം ചാനലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ ഉണ്ടായ ഒരു ചാവേർ ബോംബ് സ്ഫോടനത്തിൽ കുറഞ്ഞത് 31 പേർ കൊല്ലപ്പെടുകയും 170 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസും സർക്കാർ ഉദ്യോഗസ്ഥരും പറഞ്ഞു. ഷെഹ്സാദ് ടൗൺ മേഖലയിലെ തെര്ലൈ ഇമാംബർഗയിലാണ് ജുമുഅ നമസ്കാരത്തിനിടെ സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവരെ പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് സമീപത്തെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്നുണ്ട്. 

ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയും പാകിസ്ഥാൻ സേനയും ദിവസങ്ങൾക്ക് മുൻപ് വലിയ ഏറ്റുമുട്ടലിന് പിന്നാലെയാണ് ഈ ആക്രമണം. ഇസ്ലാമാബാദിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. കഴിഞ്ഞ നവംബറിൽ ചാവേറാക്രമണത്തിൽ ഇവടെ 12 പേർ കൊല്ലപ്പെട്ടിരുന്നു.ആക്രമണത്തെ ഭീരുത്വപരമായ നടപടി എന്ന് പാക് പാർലമെന്ററി കാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി എക്സിൽ കുറിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം ദുഃഖം പങ്കുവച്ചു. ഇത് വലിയ സുരക്ഷാ വീഴ്ചയാണെന്നും, ആരാധനാലയങ്ങളെ ലക്ഷ്യമിടുന്നത് ഏത് സാഹചര്യത്തിലും സഹിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് അല്ലാമ രാജ നാസിർ അബ്ബാസ് പറഞ്ഞു. അതേസമയം ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു. എന്നാൽ ആരോപണം ഇന്ത്യ തള്ളി.