
ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലെ ആശുപത്രിയിൽ എബോള രോഗി മരിച്ചതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മാരകമായ വൈറസ് ബാധയുടെ ഗണത്തിലാണ് എബോളയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകത്ത് ഇതുവരെയായി 19 പേരാണ് എബോള ബാധമൂലം മരിച്ചിട്ടുള്ളതെങ്കിലും കമ്പാലയിലെ ആദ്യ മരണമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. ഉഗാണ്ടിയില്‍ നിലവില്‍ 54 പേര്‍ക്ക് എബോളാ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, കമ്പാലയില്‍ മറ്റ് കേസുകളില്ലെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. രോഗബാധിതനായ ഒരാളെ ചികിത്സിച്ച ആദ്യ ആശുപത്രിയിൽ നിന്ന് അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ 20 പേര്‍ക്ക് രോഗബാധ സ്ഥിരീകിരിച്ചിരുന്നു. ഇവര്‍ സുഖം പ്രാപിച്ചതായും ഡിസ്ചാര്‍ജ് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മരിച്ച രോഗി നഗരത്തിന് പുറത്ത് നിന്നുള്ള ആളാണെന്നും ഇയാള്‍, രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്‍റെ ഗ്രാമത്തില്‍ നിന്നും ഓടിപ്പോയി തന്‍റെ വ്യക്തിത്വം മറച്ച് വച്ച് മറ്റൊരു സ്ഥലത്തെ പാരമ്പര്യ വൈദ്യന്‍റെ അടുത്ത് ചികിത്സ തേടിയതായും ആരോഗ്യമന്ത്രി ഡോ.ജെയ്ന്‍ റൂത്ത് അസെംഗ് അറിയിച്ചു. രോഗി കഴിഞ്ഞ വെള്ളിയാഴ്ചയാണ് കിരുദ്ദു നാഷണൽ റഫറൽ ആശുപത്രിയില്‍ വച്ചാണ് മരിച്ചതെങ്കിലും മരണകാരണം എബോളയാണെന്ന് സ്ഥിരീകരിച്ചത് ഇപ്പോഴാണ്.
ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 42 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രോഗ വ്യാപനത്തെ കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പ് പറയുന്നു. ശരീര സ്രവങ്ങളുമായും മലിനമായ ചുറ്റുപാടുകളുമായും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് എബോള മനുഷ്യർക്കിടയിൽ പടരുന്നത്. ശവസംസ്കാര ചടങ്ങുകളില്‍ മൃതദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തുകയാണെങ്കില്‍ അപകട സാധ്യതയുണ്ടാകാമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
തലസ്ഥാനത്ത് നിന്ന് 80 കിലോമീറ്റർ പടിഞ്ഞാറുള്ള മുബെൻഡെ ജില്ലയിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് രോഗവ്യാപനം രേഖപ്പെടുത്തിയത്. 24 വയസ്സുള്ള ഒരാളായിരുന്നു മരണമടഞ്ഞ ആദ്യത്തെ എബോള രോഗി. പിന്നാലെ അദ്ദേഹത്തിന്‍റെ കുടുംബത്തിലെ ആറ് പേരും മരിച്ചു. കൂടാതെ ഇയാളെ ചികിത്സിച്ച ടാൻസാനിയയിൽ നിന്നുള്ള ഒരു ഡോക്ടർ ഉൾപ്പെടെ നാല് ആരോഗ്യ പ്രവർത്തകരും മരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam