
ന്യൂയോർക്ക്: വിമാന യാത്രക്കാർ പലപ്പോഴും ലഗേജുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടാറുണ്ട്. ബാഗിന് കേടുപാട് വരിക, ഏറെനേരം കാത്തിരിക്കേണ്ടി വരിക, ലഗേജ് ലക്ഷ്യ സ്ഥാനത്ത് ഇറക്കാതെ പോവുക എന്നിങ്ങനെ പല പ്രശ്നങ്ങളാണ് പലരും നേരിടേണ്ടി വരുന്നത്. എന്നാൽ വിർജിൻ അറ്റ്ലാന്‍റിക് വിമാനത്തിൽ യാത്ര ചെയ്തവർ നേരിട്ടത് കേട്ടുകേൾവിയില്ലാത്ത അനുഭവമാണ്. ലഗേജിൽ മലം പുരണ്ടെന്ന ഞെട്ടിക്കുന്ന ആരോപണമാണ് യാത്രക്കാർ ഉന്നയിച്ചത്. പിന്നാലെ വിമാന കമ്പനി പ്രതികരിച്ചു.
ജൂലൈ 14-ന് ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്ത വിർജിൻ അറ്റ്ലാന്റിക് യാത്രക്കാർക്കാണ് വിചിത്രമായ അനുഭവമുണ്ടായത്. ലഗേജ് കയ്യിൽ കിട്ടിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. ബാഗിൽ തവിട്ടുനിറമുള്ള എന്തോ പുരണ്ടതും ശ്രദ്ധയിൽപ്പെട്ടു. ദുർഗന്ധവും ലഗേജിലെ നിറവും വച്ചാണ് ലഗേജിൽ മലം പുരണ്ടതാണെന്ന് യാത്രക്കാർ ഉറപ്പിച്ചത്. വിമാനത്തിലെ ടോയ്‍ലറ്റ് മാലിന്യം ലഗേജിലേക്ക് ഒഴുക്കിവിട്ടു എന്ന് രോഷാകുലരായി യാത്രക്കാർ പറഞ്ഞു. കണ്ണുകളെയും മൂക്കിനെയും വിശ്വസിക്കാനായില്ല എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. തുണി കൊണ്ടുള്ള ബാഗിൽ നിറച്ചിരുന്ന വസ്ത്രങ്ങളെല്ലാം നശിച്ചു എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
പിന്നാലെ വിർജിൻ അറ്റ്ലാന്റിക് പ്രതികരണവുമായി രംഗത്തെത്തി. ബാഗുകളിൽ പുരണ്ടത് മലം ആയിരുന്നില്ലെന്നും ടെർമിനലിലെ പൊട്ടിയ പൈപ്പിൽ നിന്നുള്ള ഗ്രീസായിരുന്നു ഇതെന്നും വിമാന കമ്പനി വിശദീകരിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും വ്യക്തമാക്കി.