
ഫ്ലോറിഡ: ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷികളിൽ ഒന്നായ കാസോവരിസിനെ തന്റെ തോട്ടത്തിൽ വളർത്തിയ 75 കാരൻ അതിന് വിലയായി നൽകിയത് സ്വന്തം ജീവൻ. ഫ്ലോറിഡയ്ക്കടുത്ത അലാചുവയിലാണ് അതീവ ദാരുണമായ സംഭവം നടന്നത്. മാർവിൻ ഹാജോസിനാണ് ജീവൻ നഷ്ടമായത്.
തന്റെ വീടിനോട് ചേർന്ന വിശാലമായ പാടത്താണ് മാർവിൻ പക്ഷികളെ വളർത്തിയിരുന്നത്. കാസോവരിസിന്റെ മൂന്ന് സ്പീഷീസ് കൂടി ഈ വീട്ടിൽ ഉണ്ട്. ഇതിന് പുറമെ അത്യന്തം അപകടകാരിയായ പക്ഷികൾ വേറെയുമുണ്ടായിരുന്നു.
മാർവിൻ ആക്രമിക്കപ്പെട്ടതറിഞ്ഞ് ഉടൻ തന്റെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ മരണം സംഭവിച്ചു. എന്നാൽ പക്ഷി ആക്രമിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ആറടിയിലേറെ ഉയരമുള്ളതാണ് കാസോവരിസ്. 200 പൗണ്ട് തൂക്കം വരുന്ന പക്ഷി ദിവസം മുഴുവൻ നടന്ന് പഴങ്ങൾ ഭക്ഷിക്കുന്ന സ്വഭാവക്കാരനാണ്. കാസോവരിസിന്റെ കാലിലെ നഖങ്ങളാണ് ഏറ്റവും അപകടം പിടിച്ചവ. മൂന്ന് വിരലുകളിലും കൂർത്ത നഖങ്ങളുണ്ട്. നടുവിരലിന് മറ്റുള്ളവയേക്കാൾ നീളവും ആഴത്തിൽ മുറിവേൽപ്പിക്കാനും പറ്റും. ഈ നഖം കൊണ്ടുള്ള ആക്രമണത്തിലാണ് മാർവിനും പരിക്കേറ്റതെന്നാണ് കരുതുന്നത്.
ടൈപ്പ് 2 വന്യജീവി ഗണത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓസ്ട്രേലിയയിലും ന്യൂഗിനിയയിലുമാണ് ഇവയെ കണ്ടുവരുന്നത്. പ്രത്യേക ലൈസൻസുണ്ടെങ്കിൽ മാത്രമേ ഇവയേ വളർത്താനും പ്രദർശിപ്പിക്കാനും സാധിക്കുകയുള്ളൂ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam