Florona : ഒമിക്രോണിന് പിന്നാലെ പുതിയ വൈറസ് സാന്നിധ്യം; ഇസ്രായേലിൽ ആശങ്ക പടർത്തി 'ഫ്ലൊറോണ'

By Web TeamFirst Published Jan 2, 2022, 8:06 AM IST
Highlights

കൂടുതൽ പേരിൽ വൈറസ് പടർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രായേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വൈറസിൽ വിശദമായ പഠനം വേണെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തൽ.

ഇസ്രായേൽ: ഒമിക്രോൺ (Omicron) തരംഗത്തിനിടെ ഇസ്രായേലിൽ ആശങ്ക പടർത്തി പുതിയ വൈറസ് സാന്നിധ്യം. ഫ്ലൊറോണ (Florona ) എന്ന പേരിലുള്ള രോഗത്തിന്‍റെ ആദ്യ കേസാണ് ഇസ്രയേലിൽ റിപ്പോർട്ട് ചെയ്തത്. കൊവിഡും (Covid) ഫ്ലൂവും ചേർന്നുണ്ടാകുന്ന രോഗാവസ്ഥയാണ്. റാബിൻ മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ച ഗർഭിണിയിലാണ് രോഗം സ്ഥിരീകരിച്ചത്.

രോഗിയില്‍ ഗുരുതരമായ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കൂടുതൽ പേരിൽ വൈറസ് പടർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രായേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വൈറസിൽ വിശദമായ പഠനം വേണെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തൽ. രാജ്യത്ത് നാലാം ഡോസ് വാക്സീനേഷൻ പുരോഗമിക്കുന്നതിനിടെയാണ് പുതിയ രോഗ ഭീഷണി.

രാജ്യത്തെ കൊവിഡ് കുതിച്ചുയരുന്നു

രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ് കേസുകളിൽ കുതിപ്പ് തുടരുകയാണ്. 24 മണിക്കൂറിനിടെ ഇരുപത്തി ഏഴായിരത്തിൽപരം കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വർധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്. മഹാരാഷ്ട്രയിൽ പ്രതിദിന രോഗികൾ പതിനായിരത്തിനടുത്താണ്.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9,170 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബംഗാളിലും രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. 4,512 പേർക്ക് സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ദില്ലിയിൽ പ്രതിദിന കോവിഡ് കേസുകളിൽ 51 ശതമാനം വർധനയുണ്ടായി. 24 മണിക്കൂറിനിടെ 2,716 കേസുകളാണ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ, ഹരിയാന, തെലങ്കാന സർക്കാരുകൾ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചു.

 

click me!