Latest Videos

പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം, 'വിദേശ ഏജന്റ് ബില്ലി'ന് ആദ്യാനുമതിയുമായി ജോർജിയ

By Web TeamFirst Published Apr 18, 2024, 9:03 AM IST
Highlights

20 ശതമാനത്തിൽ കൂടുതൽ ഫണ്ട് വിദേശത്തുനിന്ന് സ്വീകരിക്കുന്ന സംഘടനകളെ വിദേശ സ്വാധീനത്തിലുള്ള ഏജന്റുമാരായി മുദ്രകുത്തുന്നതാണ് വിവാദ ബിൽ. 

റ്റിബിലിസി: ഏറെ വിവാദമായ വിദേശ ഏജന്റ് ബില്ലിന് ആദ്യാനുമതി നൽകി ജോ‍ർജിയൻ പാർലമെന്റ്. വ്യാപകമായ പ്രതിഷേധങ്ങൾക്കിടെയാണ് നടപടി. 25നെതിരെ 78 വോട്ടുകൾക്കാണ് വിവാദ ബില്ലിന് ആദ്യാനുമതി ലഭിച്ചത്. 20 ശതമാനത്തിൽ കൂടുതൽ ഫണ്ട് വിദേശത്തുനിന്ന് സ്വീകരിക്കുന്ന സംഘടനകളെ വിദേശ സ്വാധീനത്തിലുള്ള ഏജന്റുമാരായി മുദ്രകുത്തുന്നതാണ് വിവാദ ബിൽ. 

ജോർജിയയുടെ പശ്ചിമ മേഖലയിൽ ബില്ലിനെതിരെ കനത്ത പ്രതിഷേധം നടക്കുന്നതിനിടെയാണ് പാർലമെന്റ് ബില്ലിന് ആദ്യാനുമതി നൽകിയത്. അടിച്ചമർത്തുന്ന റഷ്യൻ നിയമങ്ങളെ മാതൃകയാക്കിയാണ് വിവാദ ബിൽ തയ്യാറാക്കിയിരിക്കുന്നതെന്നാണ് വ്യാപകമാവുന്ന വിമർശനം. ജോർജിയയുടെ യൂറോപ്യൻ യൂണിയൻ പ്രവേശനത്തിന് വിവാദ ബിൽ തടസമാകുമെന്ന് യൂറോപ്യൻ യൂണിയൻറെ മുന്നറിയിപ്പിനിടെയാണ് ആദ്യാനുമതി ലഭിച്ചതെന്നും ശ്രദ്ധേയമാണ്. 

നിലവിലെ നീക്കം ജനങ്ങളുടെ താൽപര്യത്തിനെതിരാണെന്നാണ് ജോർജിയയുടെ പ്രസിഡന്റ് സലോമി സുറാബിഷ്ബിലി പ്രതികരിക്കുന്നത്. ശക്തമായ പ്രകോപനം നൽകുന്നതാണ് നീക്കമെന്നും അവർ വിശദമാക്കി. അസ്ഥിരപ്പെടുത്താനുള്ള റഷ്യൻ തന്ത്രത്തിന്റെ ഭാഗമായാണ് നീക്കമെന്നും ഭരണപക്ഷത്തോട് സ്ഥിരമായി കലഹിക്കുന്ന ജോർജിയയുടെ പ്രസിഡന്റ് വിശദമാക്കി. രാജ്യതലസ്ഥാനത്ത് പാർലമെന്റ് കെട്ടിടത്തിന് പുറത്ത് നീക്കത്തിനെതിരെ ആയിരങ്ങളാണ് പ്രതിഷേധ റാലിയുമായി എത്തിയത്. 

റഷ്യൻ നിയമത്തോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയാണ് പ്രതിഷേധം നടന്നത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കുരുമുളക് സ്പ്രേ അടക്കമുള്ളവയാണ് പ്രയോഗിച്ചത്. ജലപീരങ്കികളും തയ്യാറായിരുന്നു. നിലവിലെ 150 അംഗ പാർലമെന്റിലെ 84 സീറ്റുകളും ഭരണപക്ഷ പാർട്ടിയായ ജോർജിയൻ ഡ്രീം പാർട്ടിയുടേതാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!