
ലാഹോർ: വിദേശവനിതകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതിന് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയുടെ അടുത്തബന്ധുവടക്കം നാലുപേർ അറസ്റ്റിൽ. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദറിന്റെ ബന്ധു റാസ ദർ, ഹസ്സൻ റാസ, സിക്കന്ദർ ഖാൻ, സാജിദ് അലി എന്നിവരാണ് പാക്കിസ്ഥാനിൽ പിടിയിലായത്. ലാഹോറിലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ റിമാൻഡ്ചെയ്തു.
പാക് ഉപപ്രധാനമന്ത്രിയുടെ ബന്ധുവായ റാസ ദർ ആണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നെതർലൻഡ്സ്, വെനസ്വേല സ്വദേശികളായ സ്ത്രീകളാണ് പാക്കിസ്ഥാനിൽവെച്ച് കൂട്ടബലാത്സംഗത്തിനിരയായത്. ജൂൺ 29-നായിരുന്നു സംഭവം. അഞ്ചുപേർ ചേർന്നാണ് സ്ത്രീകളെ ബലാത്സംഗം ചെയ്തത്. ഇതിൽ ഒരു പ്രതി ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
കേസിലെ മുഖ്യപ്രതിയായ റാസ ദറിനെ സ്ത്രീകൾക്ക് നേരത്തേ പരിചയമുണ്ടായിരുന്നു. 2025 ഒക്ടോബറിൽ സിംഗപ്പൂരിൽവെച്ചാണ് ഇവർ പരിചയപ്പെടുന്നത്. പിന്നാലെ റാസ ദറും സ്ത്രീകളും ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ടുള്ള ബിസിനസിൽ പങ്കാളികളായി.
പരിചയക്കാരായ വിദേശവനിതകളെ റാസ ദർ ആണ് പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചത്. ഇതനുസരിച്ച് രണ്ടുപേരും ജൂൺ 29-ന് ലാഹോറിലെത്തി. എന്നാൽ, ലാഹോറിൽ വിമാനമിറങ്ങിയതിന് പിന്നാലെ റാസ ദറും കൂട്ടാളികളും തങ്ങളെ തട്ടിക്കൊണ്ടുപോയെന്നും ഒരു വീട്ടിൽവെച്ച് കൂട്ടബലാത്സംഗംചെയ്തെന്നുമാണ് സ്ത്രീകളുടെ പരാതി. വിട്ടയക്കണമെങ്കിൽ മോചനദ്രവ്യവും പ്രതികൾ ആവശ്യപ്പെട്ടു. ഇതിനിടെ, സ്ത്രീകളിലൊരാൾ സ്പെയിനിലുള്ള പിതാവിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചിരുന്നു. സ്പെയിനിൽനിന്ന് പിതാവ് പാക്കിസ്ഥാൻ പൊലീസിന് വിവരം കൈമാറി. തുടർന്നാണ് പൊലീസ് സ്ത്രീകളെ മോചിപ്പിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam