
ഹാംബർഗ്: സ്പെയിനിലെ പാൽമ ഡി മല്ലോർക്കയിൽ നിന്നും ഡെൻമാർക്കിലെ കോപ്പൻഹേഗനിലേക്ക് സർവീസ് നടത്തുകയായിരുന്ന നോർവീജിയൻ എയർലൈൻസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി. വിമാനത്തിന്‍റെ ക്യാബിനിലെ വായുമർദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടർന്നാണ് ജർമ്മനിയിലെ ഹാംബർഗ് വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം ഉണ്ടായത്.
വിമാനത്തിനുള്ളിലെ മർദ്ദത്തിൽ പെട്ടെന്ന് വ്യതിയാനം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം വേഗത്തിൽ താഴേക്ക് ഇറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നുവെന്ന് എയർലൈൻ വക്താവ് വാർത്താ ഏജൻസിയോട് പറഞ്ഞു. സുരക്ഷാ നടപടികളുടെ ഭാഗമായാണ് വിമാനം റാപിഡ് ഡിസെന്റ് നടത്തിയത്. വിമാനം പെട്ടെന്ന് താഴേക്ക് ഇറക്കിയതിനെ തുടർന്നുണ്ടായ മർദവ്യത്യാസത്തിൽ നാല് യാത്രക്കാർക്കും ഒരു കാബിൻ ക്രൂ അംഗത്തിനും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. യാത്രക്കാരിൽ ചിലർക്ക് മൂക്കിൽ നിന്ന് രക്തസ്രാവവും ഉണ്ടായി. ഹാംബുർഗ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടൻ മെഡിക്കൽ സംഘം ഇവർക്ക് ചികിത്സ നൽകി.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. മറ്റ് യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയർലൈൻ അറിയിച്ചു. ഹാംബുർഗിൽ കുടുങ്ങിയ യാത്രക്കാരെയും ജീവനക്കാരെയും കോപ്പൻഹേഗനിലെത്തിക്കുന്നതിനായി പ്രത്യേക വിമാനം ഏർപ്പെടുത്തിയിരുന്നു. വിമാനത്തിലുണ്ടായ സാങ്കേതിക തകരാർ കണ്ടെത്തുന്നതിനായി ജർമൻ വ്യോമയാന അധികൃതർ അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam