ബംഗ്ലാദേശ് പ്രക്ഷോഭം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

Published : Nov 17, 2025, 02:34 PM ISTUpdated : Nov 17, 2025, 05:37 PM IST
sheikh haseena

Synopsis

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യുണൽ ആണ് ശിക്ഷ വിധിച്ചത്

ധാക്ക: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ബംഗ്ലാദേശ് കുറ്റകൃത്യ ട്രൈബ്യൂണലാണ് രാജ്യം വിട്ട് പാലായനം ചെയ്യേണ്ടി വന്ന ഹസീനയ്ക്കും മുൻ ആഭ്യന്തര മന്ത്രി അസദുസ്മാൻ ഖാൻ കമാലിനും വധശിക്ഷ വിധിച്ചത്. സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്താൻ ഇവർ വംശഹത്യ നടത്തിയെന്നും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണിതെന്നുമാണ് കോടതി വിധി.

2024 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി നടന്ന ബംഗ്ലാദേശ് പ്രക്ഷോഭം അടിച്ചമർത്താൻ സ്വീകരിച്ച നടപടികൾ മനുഷ്യത്വ വിരുദ്ധമെന്നാണ് ട്രൈബ്യൂണൽ വിധി. കുറ്റങ്ങൾ എണ്ണിയെണ്ണിപ്പറയുന്ന 453 പേജുള്ള വിധിന്യായത്തിൽ കൂട്ടക്കൊല, വധശ്രമം, മനുഷ്യാവകാശ ലംഘനം എന്നീ കുറ്റങ്ങൾ കാര്യകാരണ സഹിതം വിശദീകരിക്കുന്നുണ്ട്. ഹസീനയ്ക്കും കമാലിനും പുറമേ പ്രതിയായിരുന്ന ഇൻസ്പെക്ടർ ജനറൽ ചൗധരി അബ്ദുള്ള അൽ മാമുൻ മാപ്പ് സാക്ഷിയായതോടെ ശിക്ഷ അ‌ഞ്ച് വർഷം തടവിലൊതുങ്ങി. ചരിത്ര വിധിയെന്നാണ് നിലവിലെ ബംഗ്ലാദേശ് ഭരണകൂടത്തിന്റെ പ്രതികരണം.

വിധിക്ക് പിന്നാലെ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലടക്കം സുരക്ഷ വർധിപ്പിച്ചു. പ്രതിഷേധവുമായെത്തിയ ഹസീന അനുകൂലികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്ജും ഗ്രനേഡ് പ്രയോഗവും നടത്തി. കോടതി വിധി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഷെയ്ഖ് ഹസീനയുടെ പ്രതികരണം. 2009ൽ ഹസീന തന്നെയാണ് 1971ലെ യുദ്ധകുറ്റവാളികളെ വിചാരണ ചെയ്യാനായി ഐസിടിയെന്ന കുറ്റകൃത്യ ട്രൈബ്യൂണൽ സ്ഥാപിച്ചത്.

കലാപത്തിന് പിന്നാലെ ഇന്ത്യയിൽ അഭയം തേടിയ ഹസീനയെ ഉടൻ തിരിച്ചയക്കണണെന്ന് യൂനസ് ഭരണകൂടം ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ കരാർ ഇന്ത്യ പാലിക്കണമെന്നാണ് ആവശ്യം. ഇന്ത്യ ഇത് വരെ വിധിയോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?