
റിയോ ഡി ജെനീറോ: കടൽ യാത്രയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെ ബ്രസീൽ മുൻ പ്രസിഡന്റിനെ ചോദ്യം ചെയ്ത് പൊലീസ്. ബ്രസീലിലെ മുൻ പ്രസിഡന്റായിരുന്ന ജേർ ബോല്‍സെണാറോയെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. കൂനൻ തിമിംഗലത്തെ ശല്യം ചെയ്തെന്ന ആരോപണമാണ് ബ്രസീലിലെ മുൻപ്രസിഡന്റിനെ പൊലീസിന് മുന്നിലെത്തിച്ചത്. തിമിംഗലത്തിന് അടുത്തേക്ക് എത്തിയെന്നും എന്നാൽ ശല്യപ്പെടുത്തുന്ന രീതിയിലുള്ള ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ബോല്‍സെണാറോ ബുധനാഴ്ച പ്രതികരിച്ചത്.
കഴിഞ്ഞ ജൂൺ മാസത്തിൽ നടത്തിയ വിനോദ യാത്രാ ദൃശ്യങ്ങൾ പുറത്തായതാണ് ബോല്‍സെണാറോയ്ക്ക് പണിയായത്. സാവോ പോളോയിലെ വടക്കൻ മേഖലയിലായിരുന്നു ബോല്‍സെണാറോയുടെ കടൽ യാത്ര. കടൽ യാത്രയ്ക്കിടെ തിമിംഗലങ്ങളെ കണ്ടാൽ അവയുടെ അടുത്തേക്ക് പോവുന്നതോ ശല്യപ്പെടുത്തുന്നതോ കുറ്റകരമാണെന്ന് നിയമം നിലവിലുള്ളപ്പോഴായിരുന്നു ബോട്ടിന്റെ എൻജിൻ പോലും ഓഫാക്കാതെ ബോല്‍സെണാറോയുടെ ബോട്ട് തിമിംഗലത്തിന് അടുത്തെത്തിയത്. ഈ സമയത്ത് ബോട്ട് ഓടിച്ചിരുന്നത് ബോല്‍സെണാറോ ആണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. എന്നാൽ തിമിംഗലത്തിന് ആവശ്യമായ സ്ഥലം നൽകിയായിരുന്നു തന്റെ ഇടപെടലെന്നാണ് ബോല്‍സെണാറോ വാദിക്കുന്നത്.
തിമിംഗലത്തിന് 20-30 മീറ്റർ അടുത്ത് വരെ മാത്രമാണ് എത്തിയതെന്നും അത് ഒരു രീതിയിലുള്ള ശല്യം ചെയ്തുകൊണ്ടായിരുന്നില്ലെന്നും ബോല്‍സെണാറോ അന്വേഷണ ഉദ്യോഗസ്ഥരോട് വിശദമാക്കിയിട്ടുണ്ട്. നിലവിൽ നടക്കുന്ന ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് ബോല്‍സെണാറോ ആരോപിക്കുന്നത്. അധികാരം ദുർവിനിയോഗം ചെയ്തതിന് 2030 വരെ പാർട്ടി നടത്തുന്നതിൽ നിന്ന് അടക്കമാണ് ബ്രസീലിലെ പരമോന്നത കോടതി ബോല്‍സെണാറോയെ വിലക്കിയിട്ടുള്ളത്.
ലാറ്റിനമേരിക്കയിലെ ഡോണള്‍ഡ് ട്രംപ് ആയാണ് ബോല്‍സെണാറോയെ നിരീക്ഷിക്കുന്നത്. 2022ലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നേരിയ വോട്ടുകൾക്കാണ് ബോല്‍സെണാറോ പരാജയപ്പെട്ടത്. രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബോല്‍സെണാറോക്ക് 49.1 ശതമാനം വോട്ടേ കിട്ടിയുള്ളു. മുന്‍ പ്രസിഡന്റ് ലുല ഡി സില്‍വ 50.9ശതമാനം വോട്ടുനേടിയാണ് മൂന്നാം തവണത്തെ അധികാരം ഉറപ്പിച്ചത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam