
ബീജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന്റെ അവാസാന ദിവസം നാടകീയ രംഗങ്ങൾ. സമാപന സമ്മേളന വേദിയിൽ നിന്നും മുൻ പ്രസിഡന്റ് ഹു ജിന്റാവോയെ പുറത്താക്കി. നിലവിലെ പ്രസിഡന്റിന്റെ അരികിലായി വേദിയിലിരിക്കെ സുരക്ഷാ ഭടൻമാരെത്തിയാണ് ഹു ജിന്റാവോയെ വേദിയിൽ നിന്നും പുറത്തേക്ക് കൊണ്ടു പോയത്.
ഇതിനിടെ ജിന്റാവോ ഷീ ജിൻ പിങിനോട് സംസാരിക്കാൻ ശ്രമിക്കുന്നതും ഷീ തലയാട്ടുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്. എന്തിനാണ് ജിൻറാവോയെ വേദിയിൽ നിന്നും പുറത്താക്കിയതെന്ന് വ്യക്തമല്ല. ഷീയുടെ പരമാധികാരം പാർട്ടിയിലും ഭരണത്തിലും അരക്കിട്ടുറപ്പിച്ച സമ്മളനം ഇന്ന് സമാപിക്കും.
ടിയാനൻ മെൻ സ്‌ക്വയറിലെ ഗ്രെയ്റ്റ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ 2300 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഷീ ചിൻ പിങ് മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നാണ് സൂചന.
ചൈനയിൽ സുപ്രീം ലീഡർ എന്നും അറിയപ്പെടുന്ന ഷി ജിൻ പിങ് നിലവിൽ വഹിക്കുന്നത് മൂന്നു സ്ഥാനങ്ങളാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി, ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാൻ, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളാണിവ. 2023 -ൽ നടക്കാനിരിക്കുന്ന നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിലാവും പ്രസിഡന്റ് സ്ഥാനത്ത് ഷി പുനർ നിയമിതനാവുക. 2012 മുതൽ ചൈനീസ് പാർട്ടി കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയും 2013 മുതൽ ചൈനയുടെ പ്രസിഡന്റുമാണ് ഷി ജിൻ പിംഗ്. 2021 -ൽ ഷിയെ ഒരു 'ചരിത്രപ്രാധാന്യമുള്ള വ്യക്തിത്വ'മായി ആയി പ്രഖ്യാപിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി, അതോടെ മാവോ സെതുങ്, ഡെങ് സാവോ പിംഗ് എന്നിവർക്ക് സമശീർഷനായാണ് അദ്ദേഹത്തെ പ്രതിഷ്ഠിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam