വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ 15 മിസൈലുകളിൽ 12 എണ്ണവും യുഎഇയുടെ പ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ തകർത്തു

അബുദാബി: യുഎഇയെ ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്ത് നിന്നും ഞായറാഴ്ച രാത്രിയുണ്ടായത് അതിശക്തമായ ആക്രമണ ശ്രമങ്ങൾ. 15 മിസൈലുകളും 18 ഡ്രോണുകളും ഉൾപ്പെടെ ആകെ 33 ആക്രമണങ്ങളാണ് രാജ്യത്തിന് നേരെ ഉണ്ടായതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. എന്നാൽ, രാജ്യത്തിന്റെ കരുത്തുറ്റ പ്രതിരോധ സംവിധാനങ്ങൾ ഈ ഭീഷണികളെ ഫലപ്രദമായി നേരിട്ടതായും മന്ത്രാലയം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ 15 മിസൈലുകളിൽ 12 എണ്ണവും യുഎഇയുടെ പ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ തകർത്തു. ബാക്കിയുള്ള മൂന്ന് മിസൈലുകൾ കടലിലാണ് പതിച്ചത്. മിസൈലുകൾക്ക് പുറമെ 18 ഡ്രോണുകളും രാജ്യത്തെ ലക്ഷ്യമിട്ടെത്തിയിരുന്നു. ഇതിൽ 17 ഡ്രോണുകളെയും വിജയകരമായി വെടിവെച്ചിടാൻ സാധിച്ചു. ഒരു ഡ്രോൺ മാത്രമാണ് രാജ്യത്തിനുള്ളിൽ പതിച്ചതെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

ആക്രമണത്തെത്തുടർന്ന് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കിയിട്ടുണ്ട്. മിസൈലുകളും ഡ്രോണുകളും തകർത്തതിന്റെ അവശിഷ്ടങ്ങൾ പതിച്ച് എവിടെയെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾ പൂർണ്ണ സജ്ജരാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം ആവർത്തിച്ചു.