
ദില്ലി: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തുകയാണ്. ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിക്കായാണ് പുടിന്റെ വരവ്. യുദ്ധകാലത്തെ പുടിന്റെ ഇന്ത്യൻ സന്ദർശനം സ്വാഭാവികമായും അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാവും. പുടിന്‍റെ ഇന്ത്യാ സന്ദർശനത്തിനൊപ്പം തന്നെ കളം പിടിക്കുന്ന ചില കൗതുകങ്ങൾ കൂടി ഇക്കാര്യത്തിൽ അറിയേണ്ടതാണ്. അതിൽ ഏറ്റവും ശ്രദ്ധനേടുക പുടിനൊപ്പം ഇക്കുറി ഇന്ത്യയിലേക്കെത്തുന്ന റഷ്യൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വാഹനമായ ഓറസ് സെനറ്റ് അഥവാ ലിമോസിൻ. റഷ്യൻ സ്വർണമെന്നറിയപ്പെടുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലോകത്തെ ഏറ്റവും മികച്ച ആഡംബര കാറുകളിലൊന്നാണിത്. സുരക്ഷയിൽ യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ബീസ്റ്റിനോട് തോളോടു തോൾ ചേർന്നു നിൽക്കുന്ന റഷ്യൻ നിർമ്മിത വാഹനമാണ് ഇത്.
ചൈനയിൽ നടന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിലേക്ക് പുടിനൊപ്പം മോദിയെത്തിയ അതേ വാഹനം തന്നെയാണ് ഇന്ത്യയിലും പുടിനൊപ്പം എത്തുന്നത്. റഷ്യൻ വാഹന നിർമാതാക്കളായ ഓറസ് മോട്ടോഴ്സ് നിർമ്മിച്ച ഈ ആഢംബര കാറിന് ഒറ്റനോട്ടത്തിൽ റോൾസ് റോയിസ് ഫാന്‍റവുമായി സാമ്യമുണ്ട്. 6700 എം എം നീളമാണ് ഓറസ് സെനറ്റിന്‍റെ പ്രത്യേകത. മണിക്കൂറിൽ 250 കിലോ മീറ്റർ പരമാവധി വേഗതയിൽ ലിമോസിൻ പറപറക്കും. 6.6 ലിറ്റർ വി 12 എൻജിനാണ് പുടിന്‍റെ ഔദ്യോഗിക വാഹനത്തിന് കരുത്തേകുന്നത്. 2.5 കോടി രൂപയാണ് ഈ കാറിന്‍റെ മതിപ്പ് വില. സുരക്ഷാക്രമീകരണങ്ങളുടെ കാര്യത്തിൽ അമ്പരിപ്പിക്കുന്നതാണ് ഓറസ് സെനറ്റെന്ന പുടിന്‍റെ പ്രിയ വാഹനം. ബുള്ളറ്റ് പ്രൂഫ്, ദൃഡതയേറിയ ഗ്ലാസുകൾ, പഞ്ചറായാലും നിശ്ചിത ദൂരം സഞ്ചാരം, വാഹനത്തിനുള്ളിൽ ഓക്സിൻ സപ്ലൈ, മസാജ് സംവിധാനം ഉൾപ്പെടെ വിവിധ തരത്തിൽ ക്രമീകരിക്കാനാവുന്ന സീറ്റുകളാണ് ലിമോസിന്‍റെ പ്രത്യേകത. ഒറ്റവാക്കിൽ പറഞ്ഞാൽ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ.
ദില്ലിയിൽ പുടിന്റെ താമസം ഐ ടി സി മൗര്യ ഹോട്ടലിലെ ഗ്രാൻഡ് പ്രസിഡൻഷ്യൽ സ്യൂട്ടിലാവും. അമേരിക്കൻ പ്രസിഡന്‍റുമാരായിരുന്ന ബിൽ ക്ലിന്‍റണും ബരാക് ഒബാമയുമടക്കം പ്രമുഖർ തമാസിച്ചിട്ടുള്ള അതേ സ്യൂട്ടാലാകും പുടിനും അന്തിയുറങ്ങുക. പുടിന്റെ താമസ സമയത്ത് നിശ്ചിത നില പൂർണ്ണമായും അടച്ചിട്ടിരിക്കും. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമാകും ഇവിടെ മുൻഗണന. റഷ്യൻ എണ്ണ ഇറക്കുമതി, കയറ്റുമതി രംഗത്ത് യു എസ് പ്രസിഡന്‍റ് ട്രംപ് ഉയർത്തുന്ന താരിഫ് ഭീഷണി തുടങ്ങി നിരവധി വിഷയങ്ങളാകും പുടിന്‍റെ ഇന്ത്യ സന്ദർശനത്തിൽ ചർച്ചയാകുക.