
ദില്ലി: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് റഷ്യൻ പ്രസിഡന്‍റ് ഇന്ത്യ സന്ദർശിക്കുന്നത്. 23 -ാമത് ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് പുടിന്‍റെ സന്ദർശനത്തിലെ പ്രധാന അജണ്ട. ഇരു രാജ്യങ്ങളും തമ്മിലുള്ള ‘തന്ത്രപരമായ പങ്കാളിത്തം’ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ ദിശാബോധം നൽകാനും ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്താനും പുടിന്‍റെ സന്ദർശനം ഗുണം ചെയ്യുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. രാഷ്ട്രപതി ദ്രൗപദി മുർമു റഷ്യൻ പ്രസിഡന്റിനെ സ്വീകരിക്കുകയും രാഷ്ട്രപതി ഭവനിൽ വിരുന്ന് നൽകുകയും ചെയ്യും. ശേഷം പ്രധാനമന്ത്രി മോദിയുമായി പുടിൻ ചർച്ച നടത്തും. പുടിന്‍റെ സന്ദർശന വേളയിൽ ആയുധ കരാറുകൾ ഉണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. എന്നാൽ സുഖോയ് 57, എസ് 400 എന്നിവയുടെ കാര്യത്തിൽ പുടിൻ - മോദി കൂടിക്കാഴ്ചയിൽ ചർച്ച നടക്കാനാണ് സാധ്യത. എണ്ണ ഇറക്കുമതി അടക്കം വ്യാപാര രംഗത്തെ വിഷയങ്ങളും ചർച്ചയാകുമെന്നാണ് സൂചന.
പ്രാദേശിക - ആഗോള വിഷയങ്ങളിലടക്കം ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യ - യുക്രെയിൻ സംഘർഷത്തിനു ശേഷമുള്ള പുടിന്‍റെ ആദ്യ ഇന്ത്യ സന്ദർശനം അതീവ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന താരീഫ് ഭീഷണികളടക്കം പുടിന്‍റെ ഇന്ത്യ സന്ദർശനത്തിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്. റഷ്യൻ എണ്ണ വാങ്ങുന്നതിന്‍റെ പേരിലുള്ള ഉപരോധങ്ങളും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തും.
അതേസമയം യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുൻകൈ എടുത്ത് നടക്കുന്ന സമാധാന ചർച്ചയിലും റഷ്യ - യുക്രൈൻ യുദ്ധം അവസാനിക്കുമോയെന്ന ആശങ്കയും സജീവമാകുകയാണ്. അമേരിക്കൻ ഉന്നത തല സംഘം മോസ്കോയിൽ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നടത്തിയ ചർച്ച കാര്യമായ തീരുമാനങ്ങളൊന്നും ഇല്ലാതെ പിരിഞ്ഞതോടെയാണ് ആശങ്ക വർധിച്ചത്. യുദ്ധം അവസാനിപ്പിക്കാൻ യുക്രൈൻ ഭൂമി വിട്ടുകൊടുക്കണമെന്ന ആവശ്യത്തിൽ റഷ്യ വിട്ടുവീഴ്ചക്ക് തയ്യാറല്ല. സമാധാന കരാറിലെ ചില ഭാഗങ്ങളിൽ മാത്രമാണ് അഭിപ്രായ വ്യത്യാസമെന്ന് ചർച്ചകൾക്ക് ശേഷം റഷ്യൻ പ്രതിനിധി പ്രതികരിച്ചു. ചില കാര്യങ്ങൾ സ്വീകാര്യമാണ്, ചിലതിൽ അഭിപ്രായവ്യത്യാസമുണ്ട്. അമേരിക്കൻ നിർദ്ദേശങ്ങൾ പുടിൻ തള്ളിക്കളഞ്ഞെന്ന് പറയുന്നത് തെറ്റാണെന്നും ക്രെംലിൻ വക്താൻ ദിമിത്രി പെസ്കോവ് അറിയിച്ചു. യൂറോപ്യൻ രാജ്യങ്ങളാണ് ട്രംപ് മുന്നോട്ടുവച്ച സമാധാനത്തിന് തടസം നിൽക്കുകയാണെന്നും റഷ്യക്ക് സ്വീകാര്യമല്ലാത്ത നിർദ്ദേശങ്ങൾ സമാധാന കരാറിലേക്ക് കുത്തിക്കയറ്റുകയാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയരിരുന്നു.