ലോകത്ത് കൊവിഡ് രോഗികള്‍ നാല് കോടി കവിഞ്ഞു; കൂടുതല്‍ രോഗികള്‍ യുഎസിലും ഇന്ത്യയിലും ബ്രസീലിലും

By Web TeamFirst Published Oct 19, 2020, 4:39 PM IST
Highlights

പകുതിയിലേറെ രോഗികളും ഉള്ളത് യുഎസിലും ഇന്ത്യയിലും ബ്രസീലിലുമാണ്. സ്ഥിരീകരിക്കാത്ത രോഗികള്‍ ഇതിലും ഏറെയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 

വാഷിംഗ്‍ടണ്‍: ലോകത്ത് കൊവിഡ് രോഗികള്‍ നാല് കോടി കവിഞ്ഞു. പകുതിയിലേറെ രോഗികളും ഉള്ളത് യുഎസിലും ഇന്ത്യയിലും ബ്രസീലിലുമാണ്. സ്ഥിരീകരിക്കാത്ത രോഗികള്‍ ഇതിലും ഏറെയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതുവെര ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 11 ലക്ഷത്തില്‍ അധികം പേരാണ്. 

24 മണിക്കൂറിനിടെ 55,722 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ രോഗികളുടെ എണ്ണം 75,50,273 ആയി. 7,72,055 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 66,63,608 പേർ രോഗമുക്തി നേടി. 579 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 1,14,610 ആയി ഉയർന്നു. 

മഹാരാഷ്ട്രയിൽ ഇന്നലെ 9,060 പേർക്ക് രോഗം സ്ഥിരീകരിച്ചു. കർണാടകയിൽ 7,012 പേർക്ക് രോഗം കണ്ടെത്തിയപ്പോൾ 8,344 പേർക്ക് രോഗം ഭേദമായി. രാജ്യത്താകെ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ശൈത്യകാലത്ത് രണ്ടാംഘട്ട വ്യാപനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. 

click me!