
പെഷവാര്‍: 1700 വര്‍ഷം പഴക്കമുള്ള ബുദ്ധപ്രതിമ കൂടത്തിന് അടിച്ച് തകര്‍ത്തനിലയില്‍. പാകിസ്ഥാന്‍റെ വടക്ക് പടിഞ്ഞാറന്‍ മേഖലയായ ഖിബര്‍ പഷ്തൂണ്‍ഖ്വ പ്രവിശ്യയിലാണ് സംഭവം. ഗാന്ധാര സംസ്കാരത്തിന്‍റെ ഭാഗമായ ബുദ്ധന്‍റെ അപൂര്‍വ്വമായ പൂര്‍ണകായ പ്രതിമയാണ് അടിച്ച് തകര്‍ത്തത്. മര്‍ദാന്‍ ജില്ലയിലെ ഒരു കൃഷിയിടത്തില്‍ നിന്നുമായിരുന്നു ബുദ്ധന്‍റെ പൂര്‍ണകായ പ്രതിമ ലഭിച്ചത്. നാല് നിര്‍മ്മാണ തൊഴിലാളികളാണ് പ്രതിമ കൂടം ഉപയോഗിച്ച് അടിച്ച് തകര്‍ത്തത്. ശനിയാഴ്ച ഇവര്‍ നാലുപേരെയും അറസ്റ്റ് ചെയ്തു. എന്നാല്‍ തങ്ങളുടെ ആത്മീയ നേതാവിന്‍റെ നിര്‍ദ്ദേശം പിന്തുടരുകയായിരുന്നെന്നാണ് ഇവര്‍ പറയുന്നത്.
വലിയ കൂടമുപയോഗിച്ച് ബുദ്ധന്‍റെ പ്രതിമ അടിച്ച് തരിപ്പണമാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഒരാള്‍ പ്രതിമ അടിച്ച് തകര്‍ക്കുകയും മറ്റ് മൂന്ന്പേര്‍ ഇയാളെ പ്രോത്സാഹിപ്പിക്കുന്നതും ചുറ്റും കൂടി നിന്ന് ചിലര്‍ വീഡിയോ എടുക്കുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പ്രതിമയുടെ ഭാഗങ്ങള്‍ പുരാവസ്തു വകുപ്പ് ശേഖരിച്ചിട്ടുണ്ട്. 1700 വര്‍ഷം പഴക്കം വരുന്ന ഗാന്ധാര സംസ്കാരത്തിന്‍റെ ഭാഗമായുള്ളതാണ് പ്രതിമയെന്നാണ് ഈ മേഖലയിലെ പുരാവസ്തു വകുപ്പ് ഡയറകടറായ അബ്ദു സമദ് ഖാന്‍ പറയുന്നത്. വളരെ പഴക്കമ ചെന്ന ഒന്നായിരുന്നു അതെന്നും പ്രതിമ നഷ്ടമായെന്നും അദ്ദേഹം ഞായറാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
മറ്റ് മതവിഭാഗങ്ങളെ മാനിക്കാത്ത കുറ്റകൃത്യമാണ് പ്രതിമ നശിപ്പിക്കലിലൂടെ സംഭവിച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു. സംഭവത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്തതിന് പൊലീസിനെ അദ്ദേഹം അഭിനന്ദിച്ചു. ഇന്നത്തെ വടക്കേ പാകിസ്താനിലും കിഴക്കേ അഫ്ഗാനിസ്ഥാനിലും വ്യാപിച്ചിരുന്ന ഗാന്ധാര സംസ്കാരത്തിന്‍റെ ഭാഗമായാണ് ഈ മേഖലയിലെ തഖ്ത് ഭായ് പ്രദേശം വിലയിരുത്തുന്നത്. ശ്രീലങ്ക, കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രദേശം കൂടിയായിരുന്നു ഇത്. പെഷാവറിലെ മ്യൂസിയത്തില്‍ ബുദ്ധന്‍റെ നിരവധി പ്രതിമകളും സൂക്ഷിച്ചിട്ടുണ്ട്. 2017ലും ഈ മേഖലയില്‍ നിന്ന് അപൂര്‍വ്വങ്ങളായ ബുദ്ധ പ്രതിമകള്‍ കണ്ടെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam