
ഗാസ: ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഗാസയിൽ ഭക്ഷണം കിട്ടാതെ നാല് വയസുകാരി മരിച്ചു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഗുരുതരാവസ്ഥയിലായ റസാൻ അബു സഹർ എന്ന പെൺകുട്ടിയാണ് മരണപ്പെട്ടത്. മധ്യ ഗാസയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദാരുണാന്ത്യം സംഭവിച്ചത്. എല്ലും തോലുമായ കുട്ടിയുടെ മൃതദേഹവും ചുമന്ന് നിൽക്കുന്ന രക്ഷിതാവിന്‍റെ ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. 2023ൽ ഇസ്രയേൽ ഗാസയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 76 കുട്ടികളെങ്കിലും പോഷകാഹാരക്കുറവ് മൂലം മരിച്ചിട്ടുണ്ട്.
ഗാസയിൽ ഭക്ഷണവും പ്രോട്ടീനും ലഭിക്കാതെ നൂറുകണക്കിന് രോഗികൾ പട്ടിണികൊണ്ട് ഉടൻ മരിക്കുന്ന സാഹചര്യം ആണെന്നാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്. 60,000 പേർ പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്നും മന്ത്രാലയം പുറത്തിറിക്കയ പ്രസ്താവനയിൽ പറയുന്നു. സഹായവിതരണം ശരിയാംവിധം നടക്കാത്തതിനെത്തുടർന്ന് ഭക്ഷ്യക്ഷാമം രൂക്ഷമായ മുനമ്പിൽ ക്ഷീണവും തലകറക്കവുകൊണ്ട് അവശരായ രോഗികളാൽ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്.
പോഷകാഹാരക്കുറവ് മൂലം കുട്ടികളെ കൂടാതെ പത്ത് മുതിർന്നവരും മരിച്ചുവെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, മാർച്ച് തുടക്കത്തിൽ ഇസ്രായേൽ അധികൃതർ ഉപരോധം ഏർപ്പെടുത്തിയതിന് ശേഷമാണ് ഇവയിൽ ഭൂരിഭാഗവും സംഭവിച്ചത്. അതിനിടെ ഗാസയിലെ സഹായവിതരണ കേന്ദ്രങ്ങളിൽ ഇസ്രയേലി സൈന്യത്തിന്റെ കൂട്ടക്കൊല തുടരുകയാണ്. ഭക്ഷണം തേടിയെത്തിയ 90 പലസ്‌തീൻകാരെ ഞായറാഴ്‌ച വിവിധ കേന്ദ്രങ്ങളിലുണ്ടായ ആക്രമണങ്ങളിൽ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തി. ഇസ്രയേലുമായുള്ള സികിം ക്രോസിങ്ങിലൂടെ വടക്കൻ ഗാസയിലെ സഹായകേന്ദ്രത്തിലേക്ക് എത്താൻ ശ്രമിക്കുന്നതിനിടെയാണ് 90 പേരെ സൈന്യം വെടിവെച്ച് കൊന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam